കോവിഡിന്റെ രണ്ടാം തരംഗം: ഇനി വരുന്നത് മാക്രോ കണ്ടയ്ൻമെന്റ് സോണുകൾ

0
362

ന്യൂഡൽഹി: കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങളുമായി കേന്ദ്രസർക്കാർ. രാജ്യവ്യാപകമായ ലോക്ക്ഡൗൺ ഉണ്ടാകില്ലെങ്കിലും മാക്രോ ലോക്ക്ഡൗണുകളും കണ്ടയ്ൻമെന്റ് സോണുകളും ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. കോവിഡ് വാക്‌സിൻ വിതരണം വേഗത്തിലാക്കാനും തീരുമാനമായി.

ഏപ്രിൽ 11 മുതൽ 14 വരെ നടക്കുന്ന മെഗാ വാക്‌സിനേഷൻ ക്യാംപയിനിന്റെ ഉദ്ഘാടനത്തിനിടെ പ്രധാനമന്ത്രി കോവിഡ് മാർഗനിർദേശങ്ങൾ ആവർത്തിച്ചു. ആവശ്യമുണ്ടെങ്കിൽ മാത്രം വീടിന് പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക എന്നീ രണ്ട് കാര്യങ്ങളാണ് പ്രധാനമായും മോദി ഊന്നിപ്പറഞ്ഞത്. മാക്രോ കണ്ടയ്ൻമെന്റ് സോണുകളെ കുറിച്ച് എത്ര ബോധവാന്മാരാണോ അതനുസരിച്ചായിരിക്കും കോവിഡ് പോരാട്ടത്തിലെ വിജയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1.52 ലക്ഷം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. പല സംസ്ഥാന മുഖ്യമന്ത്രിമാരും ആവശ്യത്തിന് വാക്‌സിൻ ലഭ്യമാകാത്ത സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തി. ഇതോടെ, റെംഡെസിവിർ വാക്‌സിന്റെ കയറ്റുമതി ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചു.

ശനിയാഴ്ച 839 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഒക്ടോബർ 16ന് ശേഷമുള്ള ഏറ്റവും വലിയ മരണനിരക്കാണിത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഉത്തർപ്രദേശിലും ഗുജറാത്തിലും ഛത്തീസ്ഗഡിലും കേസുകൾ വൻ തോതിൽ വർധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here