തിരുവനന്തപുരം: കേരളത്തിൽ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. കാറ്റും ഇടി മിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ പെയ്യാനാണ് സാധ്യത. ഇന്ന് വയനാട് ജില്ലയിൽ യെല്ലോ അലേർട്ടാണ്. നാളെയും മറ്റന്നാളും മഴ കൂടുതൽ ശക്തമാകാനാണ് സാധ്യത.
ഏപ്രിൽ16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 – 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. അതേസമയം, കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽത്സ്യബന്ധനത്തിന് തടസ്സമില്ല.