‘ഒപ്പമുണ്ട് എല്ലാ അഫ്‌ഗാനിസ്ഥാന്‍കാരും’; ഇന്ത്യക്ക് പിന്തുണയുമായി റാഷിദ് ഖാന്‍റെ വീഡിയോ

0
361

ദില്ലി: കൊവിഡ് വ്യാപനം അതിരൂക്ഷമായ ഇന്ത്യക്ക് പിന്തുണയുമായി അഫ്‌ഗാന്‍ ക്രിക്കറ്റര്‍ റാഷിദ് ഖാനും. ഈ പ്രതിസന്ധിഘട്ടത്തില്‍ അഫ്‌ഗാനിസ്ഥാനിലെ എല്ലാവരും ഇന്ത്യക്കൊപ്പം അണിനിരക്കുന്നു എന്നാണ് റാഷിദ് ഖാന്‍ ട്വിറ്റര്‍ വീഡിയോയിലൂടെ അറിയിച്ചത്. ‘എല്ലാവരും സുരക്ഷിതരായി ഇരിക്കുക, വീടുകളില്‍ കഴിയുക, സാമൂഹ്യഅകലം പാലിക്കുക, മാസ്‌ക് ധരിക്കുക’- താരം കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ റാഷിദ് ഖാന്‍ ടൂര്‍ണമെന്‍റിനായി ഇന്ത്യയിലുണ്ട്.

രാജ്യത്തെ കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ വലിയ സഹായഹസ്‌തമാണ് ക്രിക്കറ്റ് ലോകം നല്‍കുന്നത്. ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒരു കോടി രൂപയാണ് മിഷന്‍ ഓക്‌സിജന്‍ പദ്ധതിക്കായി നീക്കിവച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ശ്രീവാത്‌സ് ഗോസ്വാമി ഓക്‌സിജന്‍ എത്തിക്കാന്‍ ഒരു ജീവകാരുണ്യ സംഘടനയ്‌ക്ക് 90,000 രൂപ സംഭാവന നല്‍കി. ഐപിഎല്‍ ടീമുകളായ രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും കൊവിഡ് റിലീഫ് ഫണ്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യക്ക് വലിയ പിന്തുണയാണ് വിദേശ താരങ്ങളും നല്‍കുന്നത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കുന്ന ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് ആശുപത്രികള്‍ക്കാവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങാനായി 50,000 ഡോളര്‍ ഇന്ത്യയുടെ പി എം കെയേര്‍സ് ഫണ്ടിലേക്ക് സഹായം നല്‍കിയിരുന്നു. ഓസ്‌ട്രേലിയന്‍ മുന്‍ സ്റ്റാര്‍ പേസര്‍ ബ്രെറ്റ് ലീ ഏകദേശം 41 ലക്ഷത്തോളം രൂപയും സഹായം അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain

LEAVE A REPLY

Please enter your comment!
Please enter your name here