മുംബൈ∙ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഇന്ത്യയിൽ ആളുകൾ ആശുപത്രികളിൽ ഇടം ലഭിക്കാതെ വലയുമ്പോൾ, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പേരിൽ വിവിധ കമ്പനികളും സർക്കാരും വൻതോതിൽ പണമൊഴുക്കുന്നതിനെ ചോദ്യം ചെയ്ത് രാജസ്ഥാൻ റോയൽസിന്റെ ഓസ്ട്രേലിയൻ താരം ആൻഡ്രൂ ടൈ. കോവിഡ് വ്യാപനത്തിനിടെ ‘വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി’ ആൻഡ്രൂ ടൈ നാട്ടിലേക്ക് മടങ്ങിയിരുന്നു. അതിനു പിന്നാലെയാണ് കോവിഡ് സൃഷ്ടിച്ച കനത്ത പ്രതിസന്ധിക്കിടെ ഐപിഎലിനായി പണമൊഴുക്കുന്നതിനെ ടൈ ചോദ്യം ചെയ്തത്. ഈ സീസണിൽ രാജസ്ഥാനു വേണ്ടി ഒരേയൊരു മത്സരത്തിൽ മാത്രമാണ് ടൈ കളത്തിലിറങ്ങിയത്.
‘ഈ പ്രതിസന്ധിയെ ഇന്ത്യൻ ഭാഗത്തുനിന്നൊന്നു നോക്കൂ. ആളുകൾക്ക് ആശുപത്രികളിൽ പോലും ഇടം ലഭിക്കാത്ത പ്രതിസന്ധി ഘട്ടത്തിൽ, ഐപിഎലിനായി കോടികളൊഴുക്കാൻ ഇക്കണ്ട കമ്പനികൾക്കും ടീമുകൾക്കും സർക്കാരിനും എങ്ങനെ കഴിയുന്നു?’ – ടൈ ചോദിച്ചു.ലഅതേസമയം, മനസ്സു മടുത്തിരിക്കുന്ന ആളുകൾക്ക് പ്രതീക്ഷ നൽകാൻ സാധിക്കുമെങ്കിൽ ഐപിഎൽ തുടരുന്നതാണ് നല്ലതെന്നും ടൈ അഭിപ്രായപ്പെട്ടു.
‘സമ്മർദ്ദം നിറഞ്ഞ കാലത്ത് ആളുകൾക്ക് അൽപം ആശ്വാസം പകരാനും പ്രതീക്ഷ നൽകാനും സാധിക്കുമെങ്കിൽ, ഐപിഎൽ മുന്നോട്ടു പോകണമെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ, അങ്ങനെ ചിന്തിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. ഇക്കാര്യത്തിൽ ആളുകളുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകളെ ഞാൻ മാനിക്കുന്നു’ – ടൈ പറഞ്ഞു.
‘ഐപിഎൽ അധികൃതരും ബിസിസിഐ പ്രതിനിധികളും ഞങ്ങളെ സുരക്ഷിതരായി കാക്കാൻ എല്ലാ സന്നാഹവും ഒരുക്കിയിരുന്നു എന്നത് സത്യമാണ്. പക്ഷേ, ഇത്രമാത്രം ആളുകൾ കോവിഡ് മൂലം പുറത്ത് ബുദ്ധിമുട്ടനുഭവിക്കുമ്പോൾ ക്രിക്കറ്റ് കളിക്കാൻ എനിക്ക് മടി തോന്നി’ – ടൈ വെളിപ്പെടുത്തി.
ഐപിഎൽ കരാർ ഉപേക്ഷിച്ച് ഇന്ത്യയിൽനിന്ന് നാട്ടിലേക്കു മടങ്ങാൻ ഇടയായ സാഹചര്യവും മറ്റൊരു അഭിമുഖത്തിൽ ടൈ വിവരിച്ചു. ‘നാട്ടിലേക്കുള്ള എന്റെ മടക്കത്തിനു പല കാരണങ്ങളുണ്ട്. പക്ഷേ, പ്രധാന കാരണം സ്വദേശമായ പെർത്തിലെ നിയന്ത്രണങ്ങളാണ്. ഇന്ത്യയിൽനിന്ന് വരുന്നവർക്ക് ഹോട്ടൽ ക്വാറന്റീൻ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പെർത്തിൽ കോവിഡ് വ്യാപനം നിയന്ത്രണത്തിലാക്കാൻ സർക്കാരുകൾ കഠിന ശ്രമത്തിലാണ്’ – ആൻഡ്രൂ ടൈ പറഞ്ഞു.
‘ഇതിനു പുറമെ ബയോ സെക്യുർ ബബ്ളിലെ ജീവിതം കാരണമുണ്ടായ മടുപ്പുമുണ്ട്. മറ്റൊരു രാജ്യത്ത് ലോക്ഡൗണിൽ പെട്ടുപോകുന്നതിനു മുൻപേ നാട്ടിലെത്താമെന്ന ചിന്തയും മടക്കത്തിനു കാരണമായി. നാട്ടിലേക്ക് തിരികെയെത്താൻ ദിവസങ്ങളെണ്ണി കഴിയുമ്പോഴാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റിനു ശേഷം ബബ്ളിനു പുറത്ത് ജീവിച്ചത് ഏതാണ്ട് 11 ദിവസം മാത്രമാണ്. അതുകൊണ്ട് എന്തായാലും നാട്ടിലേക്കു മടങ്ങാമെന്ന് കരുതി’ – ടൈ വിവരിച്ചു.
ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ രൂക്ഷതയും മടക്കത്തിനു കാരണമായതായി ടൈ വെളിപ്പെടുത്തി. ‘ഇന്ത്യയിലെ കോവിഡ് വ്യാപനം ഓസ്ട്രേലിയൻ താരങ്ങൾക്കിടയിൽ ചർച്ചയായിരുന്നു. ഞാൻ നാട്ടിലേക്കു മടങ്ങുന്ന വിവരമറിഞ്ഞ് ഒട്ടേറെപ്പേർ വിളിച്ചു. ചിലർ ഞാൻ എങ്ങനെയാണ് നാട്ടിലേക്ക് എത്തിയതെന്ന് അറിയാൻ വിളിച്ചു. മറ്റു ചിലർ എനിക്ക് പ്രശ്നങ്ങളൊന്നുമില്ലല്ലോയെന്ന് അന്വേഷിക്കാനും വിളിച്ചു. ഇനിയും ആരൊക്കെ ഐപിഎൽ ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങുമെന്ന് അറിയില്ല’ – ടൈ പറഞ്ഞു.
ഐപിഎൽ 14–ാം സീസണിൽ കളിച്ചിരുന്ന അഞ്ച് താരങ്ങളാണ് ഇതിനകം നാടുകളിലേക്ക് മടങ്ങിയത്. ആൻഡ്രൂ ടൈയ്ക്കു പുറമെ ഓസീസ് താരങ്ങളായ കെയ്ൻ റിച്ചാർഡ്സൻ, ആദം സാംപ, ഇംഗ്ലിഷ് താരം ലിയാം ലിവിങ്സ്റ്റൺ, ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് ഇതിനകം ഐപിഎൽ ഉപേക്ഷിച്ചത്. ഐപിഎലിനിടെ നാട്ടിലേക്കു മടങ്ങിയ സാഹചര്യത്തെക്കുറിച്ചും ടൈ പ്രതികരിച്ചു.