കാസർകോട്: കാസർകോട് ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ പുതുതായി ചേർക്കപ്പെട്ട വോട്ടർമാർ നിർണ്ണായകമാകും. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിലും ഇപ്പോൾ നടന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലും ജില്ലയിൽ മൂന്ന് മുന്നണികൾ തമ്മിലുള്ള അന്തരം വളരെ കുറഞ്ഞ സാഹചര്യത്തിൽ കാൽലക്ഷത്തിലധികം വോട്ടുകൾ ആരോട് കൂറുപുലർത്തുമെന്നത് മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്.
ലോക് സഭ തിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലാണ് യു .ഡി .എഫ് മുന്നിലെത്തിയിരുന്നത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുകളുടെ നില 2016 ലെ സ്ഥിതിയിലേക്ക് തന്നെ തിരിച്ചുപോയി. ഇടതുമുന്നണിയും ബി .ജെ. പിയും ജില്ലയിൽ നില മെച്ചപ്പെടുത്തി. ബി ജെ പി യുടെ ശക്തികേന്ദ്രമായ മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ കൂടുതൽ മുന്നേറ്റം ഉണ്ടാക്കാൻ അവർക്ക് സാധിച്ചിട്ടിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട്ടും മഞ്ചേശ്വരത്തും ബി ജെ പി പ്രതീക്ഷ വച്ചുപുലർത്തുന്നുണ്ട്. രണ്ടിടത്തും ശക്തരായ സ്ഥാനാർത്ഥികളെ തന്നെ ബി.ജെ.പി അവതരിപ്പിച്ചതും ഈ പ്രതീക്ഷയിലാണ്.10,59,967 വോട്ടർമാരുള്ള ജില്ലയിൽ 26339 പുതിയ വോട്ടർമാർ ഉക്കുറിയുണ്ട്. ഈ വോട്ടർമാർ എങ്ങിനെ ചിന്തിക്കുന്നു എന്നതായിരിക്കും സ്ഥാനാർത്ഥികളുടെ വിജയം. മഞ്ചേശ്വരം, കാസർകോട്, ഉദുമ മണ്ഡങ്ങളിലാണ് പുതിയ വോട്ടർമാർ ഏറ്റവും കൂടുതൽ.
. മഞ്ചേശ്വരം, കാസർകോട്, ഉദുമ മണ്ഡലങ്ങളിലെ വിജയത്തെ പുതിയ വോട്ടർമാർ കാര്യമായി സ്വാധീനം ചെലുത്തും. ഈ മണ്ഡലങ്ങളിൽ ഏറ്റവും പുതിയ കണക്കുപ്രകാരം ഭൂരിപക്ഷം വളരെ കുറവാണ്. ജയിക്കുന്നവരെ തോൽപ്പിക്കാനും തോറ്റവരെ ജയിപ്പിക്കാനും പുതിയ വോട്ടർമാർക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. അതെ സമയം പുതിയ വോട്ടർമാർ തങ്ങൾക്ക് അനുകൂലമായി വോട്ടുചെയ്യുമെന്നാണ് മൂന്ന് മുന്നണികളുടെയും അവകാശവാദം. എന്നാൽ പുതിയ വോട്ടുകളിൽ തങ്ങളുടെ ഉറച്ച അനുഭാവികൾ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കാൻ ഇവർക്കാർക്കും സാധിക്കുന്നുമില്ല.
മണ്ഡലം – പുതിയ വോട്ടർമാർ
മഞ്ചേശ്വരം 4963
കാസർകോട് 5725
ഉദുമ 6115
കാഞ്ഞങ്ങാട് 5056
തൃക്കരിപ്പൂർ 4480