വന്യജീവികളെ ഉപയോഗിച്ചുള്ള ഒരുപാട് സാഹസിക വീഡിയോകൾ യൂട്യൂബിൽ കാണാറുണ്ട്. വീഡിയോ വ്യൂസ് അല്ലെങ്കിൽ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കൂട്ടാൻ വേണ്ടി നടത്തുന്ന പല അഭ്യാസങ്ങളും ചിലപ്പോൾ ദുരന്തങ്ങളിൽ കലാശിക്കാറുമുണ്ട്. അത്തരത്തിൽ നടുക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ലോക പ്രശസ്തനായ വന്യജീവി വിദഗ്ദ്ധൻ സ്റ്റീവ് ഇർവിനെ അനുകരിച്ച് പാമ്പിനെ പിടിച്ച മുപ്പത്തിരണ്ടുകാരനായ നിക്ക് ബിഷപ്പ് എന്നയാണ് വീഡിയോയിലുള്ളത്. വലിയൊരു അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഇയാൾ രക്ഷപ്പെട്ടത്.
ഒരു പെരുമ്പാമ്പിനെയാണ് യുവാവ് പിടിച്ചത്. ഫ്‌ളോറിഡയിലെ എവർഗ്‌ലേഡ്‌സ് നാഷണൽ പാർക്കിൽ നിന്ന് കണ്ടെത്തിയ മൂന്നടി നീളമുള്ള പാമ്പിനെ നിക്ക് കൈയിലെടുക്കുന്നത് വീഡിയോയിൽ കാണാം. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാമ്പ് യുവാവിന്റെ കൺപോളയിൽ കൊത്തുന്നു. എന്നാൽ ചോരയൊലിപ്പിച്ചുകൊണ്ട് ഇയാൾ വീഡിയോ തുടരുകയാണ്.
ആക്രമിക്കപ്പെട്ടിട്ടും പ്രേക്ഷകരോട് പാമ്പിനെക്കുറിച്ച് വിശദീകരിക്കുകയാണ് യുവാവ് ചെയ്യുന്നത്. സാധാരണയായി താൻ വീഡിയോയിൽ പ്രത്യക്ഷപ്പെടാത്തതിന്റെ കാരണം ഇതാണെന്നും യുവാവ് പറയുന്നു.