വിദ്വേഷത്തോട് കീഴടങ്ങി കറാച്ചി ബേക്കറി പൂട്ടുന്നു; പാകിസ്താനില്‍ 100 കൊല്ലം തികച്ച് ബോംബെ ബേക്കറി മുന്നോട്ട്‌

0
327

മുംബൈ: ഒടുവില്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി ബാന്ദ്രയിലെ കറാച്ചി ബേക്കറി അടച്ചുപൂട്ടുന്നു. ബേക്കറിക്ക് പാകിസ്താനിലെ ഒരു നഗരത്തിന്റെ പേരാണെന്നും അത് ഉടന്‍ പൂട്ടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മഹാരാഷ്ട്ര നവ്‌നിര്‍മ്മാണ്‍ സേന വന്‍ പ്രതിഷേധം ഉയര്‍ത്തിയത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബേക്കറി പൂട്ടാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.

1947ലെ വിഭജന സമയത്ത് ഇന്ത്യയിലേക്ക് കുടിയേറിയ വ്യക്തിയാണ്‌ 1953ല്‍ മുംബൈയില്‍ കറാച്ചി ബേക്കറി ആരംഭിച്ചത്. 2020 നവംബറിലാണ് ബേക്കറി പൂട്ടുകയോ അല്ലെങ്കില്‍ അതിന്റെ പേര് മാറ്റുകയോ വേണമെന്ന വാദവുമായി എംഎന്‍എസ് വൈസ് പ്രസിഡന്റ് ഹാജി സെയ്ഫ് ഷെയ്ഖ് രംഗത്തെത്തിയത്. ബേക്കറിയുടെ പേര് ദേശവിരുദ്ധമാണെന്നായിരുന്നു പ്രതിഷേധകാരുടെ വാദം. ഇപ്പോള്‍ ബേക്കറിക്ക് ഷട്ടറിടാന്‍ തീരുമാനിച്ചിരിക്കുന്നതിന്റെ അംഗീകാരം തനിക്കാണെന്ന അവകാശവാദത്തിലാണ് എംഎന്‍എസിന്റെ ഷെയ്ഖ്.

കറാച്ചി ബേക്കറി പൂട്ടിയതില്‍ അഭിമാനമുണ്ടെന്ന പ്രതികരണവുമായി ബുധനാഴ്ച്ച എംഎന്‍എസ് വൈസ് പ്രസിഡന്റ് ഹാജി സെയ്ഫ് ഷെയ്ഖ് രംഗത്തെത്തിയിരുന്നു. ‘മുംബൈയിലെ കറാച്ചി ബേക്കറിയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരന്തരമായി നടത്തിയ പ്രതിഷേധത്തിനൊടുവില്‍ ബേക്കറി അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നു’, എന്നായിരുന്നു ഷെയ്ഖിന്റെ ട്വീറ്റ്.

എന്നാല്‍ ആരുടെയും ഭീഷണി വഴങ്ങിയല്ല തങ്ങള്‍ ഇത് പൂട്ടാനുള്ള തീരുമാനം എടുത്തിരിക്കുന്നതെന്ന് ബേക്കറി മനേജര്‍ പ്രതികരച്ചു. കടയ്ക്ക് നല്‍കേണ്ടി വരുന്ന അധിക വാടകയും വ്യാപാരത്തിലെ ഇടിവുമാണ് ബേക്കറി പൂട്ടാനുള്ള തീരുമാനത്തിലേക്കെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബേക്കറിയ്ക്കായി ഉടമകള്‍ മുംബൈയില്‍ തന്നെ മറ്റേതെങ്കിലും സ്ഥലം നോക്കുകയോ അല്ലെങ്കില്‍ ആ ബ്രാന്‍ഡ് നഷ്ടപ്പെടുമെന്ന്‌ മാനേജറും വ്യക്തമാക്കി.

ഇന്ത്യയില്‍ കറാച്ചി ബേക്കറിക്ക് ഷട്ടറിടേണ്ടി വന്നിട്ടും പാകിസ്താനിലെ ഹൈദരാബാദിലുള്ള ബോംബെ ബേക്കറി അതിന്റെ ശതകത്തിലെത്തി നില്‍ക്കുകയാണ്. 1911ലാണ് കുമാര്‍ തദാനിയെന്നയാള്‍ ബോംബെ ബേക്കറി സ്ഥാപിക്കുന്നത്. തദാനി കുടുംബത്തിന്റെ കൈവശം തന്നെയാണ് ഇപ്പോഴും ബോംബെ ബേക്കറി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ സംസ്‌കാരം തദാനിയുടെ പിതാവില്‍ ഏറെ സ്വാധീനം ചെലുത്തിയിരുന്നെന്നും അതുകൊണ്ടാണ് അദ്ദേഹം ബേക്കറിക്ക് ഇന്ത്യന്‍ നഗരത്തിന്റെ പേര് നല്‍കിയതെന്നുമാണ് കണക്കാക്കുന്നത്. ഇന്ത്യയില്‍ പേരുകള്‍ ദേശവിരുദ്ധമെന്ന് മുദ്രകുത്തിക്കൊണ്ടുള്ള അടച്ചുപൂട്ടലും പേരുമാറ്റങ്ങളും തുടരുമ്പോള്‍ കറാച്ചിയില്‍ നിരവധി ബോംബെ ബേക്കറികള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നത്‌ ഏറെ ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here