അബുദാബി: ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക സമ്മാന പദ്ധതിയുടെ വിജയിയെ പ്രഖ്യാപിച്ചു. ദുബൈയില്‍ താമസിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സ്വദേശി ഗ്രാന്റ് റെഡ്‍മാനാണ് സമ്മാനമായ മിത്സുബിജി പജീറോ കാര്‍ സ്വന്തമാക്കിയതത്. ദുബൈയിലെ ബാങ്കിങ് മേഖലയില്‍ റെക്കോര്‍ഡ് മാനേജ്‍മെന്റ് വിഭാഗം തലവനായി ജോലി ചെയ്യുന്ന 51കാരനായ അദ്ദേഹം ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം 19 വര്‍ഷമായി യുഎഇയില്‍ താമസിക്കുകയാണ്. റെഡ്‍മാന്‍ തന്റെ ജീവിതപങ്കാളിയെ കണ്ടുമുട്ടിയതും പിന്നീട് ദമ്പതികള്‍ രണ്ട് മക്കള്‍ ജനിച്ചതുമെല്ലാം യുഎഇയില്‍ വെച്ചുതന്നെയായിരുന്നു.
സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റില്‍ നിന്ന് ഫോണ്‍കോള്‍ ലഭിച്ചപ്പോള്‍ അദ്ദേഹം വിശ്വസിക്കാനേ തയ്യാറായില്ല. താന്‍ ആദ്യം ബിഗ് ടിക്കറ്റിന്റെ വെബ്‍സൈറ്റോ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളോ പരിശോധിച്ച് ഉറപ്പാക്കട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് ബിഗ് ടിക്കറ്റ് ഫേസ്‍ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ പരിശോധിച്ചാണ് അദ്ദേഹം വിജയിയായ വിവരം ഉറപ്പാക്കിയത്. കൊവിഡ് മഹാമാരി ബാധിച്ചതിനെ തുടര്‍ന്നും താനും തന്റെ ഭാര്യയും ദുരിതത്തിലായിരുന്നതിനാല്‍ ഏറ്റവും അനിയോജ്യമായ സമയത്താണ് സമ്മാനമായി ബിഗ് ടിക്കറ്റില്‍ നിന്ന് ഈ കാര്‍ ലഭിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. ജോലി ആവശ്യത്തിനായി ഇപ്പോള്‍ കാര്‍ വാടകയ്ക്ക് എടുത്തിരിക്കുകയാണ് അദ്ദേഹം. ഈ വിജയത്തോടെ ഏറെ പണം ലാഭിക്കാന്‍ കഴിയുകയും വലിയൊരു സഹായമായി അത് മാറുകയും ചെയ്യും. എവിടെയും വിജയിക്കണമെങ്കില്‍ ആദ്യം അതിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് വേണ്ടതെന്ന തത്വത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അന്താരാഷ്‍ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ സമ്മാന പദ്ധതിയില്‍ വിജയിച്ചതിന് ഗ്രാന്റ് റെഡ്‍മാന് ബിഗ് ടിക്കറ്റ് അധികൃതരും അഭിനന്ദനങ്ങള്‍ അറിയിച്ചു. ഒപ്പം അദ്ദേഹത്തിന് ഭാവിയില്‍ എല്ലാ വിജയങ്ങളും നേരുകയും ചെയ്‍തു.