ചെന്നൈ:തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയം ഉപേക്ഷിച്ച് ജയലളിതയുടെ അടുത്ത അനുയായിയായിരുന്ന വി.കെ ശശികല. എ.ഐ.എ.ഡി.എം.കെയിൽ നിന്ന് ശശികലയെ പുറത്താക്കിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിലായിരുന്ന ശശികല ആഴ്ചകൾക്ക് മുമ്പാണ് ജയിൽ മോചിതയായത്.
ജയലളിത ജീവിച്ചിരുന്നപ്പോഴും താൻ അധികാരത്തിനായി ആഗ്രഹിച്ചിട്ടില്ല. അവരുടെ മരണശേഷവും അതിന് താൽപര്യമില്ല. തന്‍റെ പാർട്ടി ജയിക്കാൻ വേണ്ടി പ്രാർഥിക്കും. ജയലളിതയുടെ പാരമ്പര്യം തമിഴ്നാട്ടിൽ നില നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും ശശികല പറഞ്ഞു. പ്രിന്‍റ് ചെയ്തെടുത്ത കത്തിലാണ് ശശികലയുടെ പരാമർശം.
അവിഹിത സ്വത്ത് സമ്പാദന കേസിൽ നാലു വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കിയ വി.കെ. ശശികല സജീവ രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള നീക്കം വേഗത്തിലാക്കിയിരുന്നു. പ്രവർത്തകരോടൊപ്പം എന്നും താനുണ്ടാവുമെന്ന് വ്യക്തമാക്കിയ ശശികല, ഡി.എം.കെയെ പരാജയപ്പെടുത്തി ഭരണം തുടരുകയെന്ന ജയലളിതയുടെ ആഗ്രഹം സഫലമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ജയിൽ വാസത്തിനു ശേഷം ഈ മാസം ഒൻപതിന് ബംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കിടെയും പാർട്ടി പ്രവർത്തകർ യോജിച്ച് പ്രവർത്തിക്കണമെന്നും ശശികല ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന് പിന്നാലെ ശശികലയുടെ 350 കോടി രൂപയുടെ സ്വത്ത് കൂടി തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു. തഞ്ചാവൂരിലെ 720 ഏക്കർ ഭൂമി, ശശികലയുടെ പേരിലുള്ള മൂന്ന് ബംഗ്ലാവും 19 കെട്ടിടങ്ങളുമാണ് സർക്കാർ ഏറ്റെടുത്തത്. രണ്ട് ദിവസത്തിനിടെ ശശികലയുടെ 1,200 കോടിയുടെ സ്വത്തുക്കളാണ് സര്‍ക്കാര്‍ കണ്ടുകെട്ടിയത്.