തൊണ്ടിമുതലായി പിടിച്ചെടുത്ത ആയിരക്കണക്കിന് ലിറ്റര്‍ മദ്യം കാണാനില്ല; എലി കുടിച്ചെന്ന് വിചിത്ര വിശദീകരണവുമായി പോലീസുകാര്‍

0
224

ചണ്ഡീഗഡ്: തൊണ്ടിമുതലായി പിടികൂടിയ ആയിരക്കണക്കിന് ലിറ്റര്‍ മദ്യം കാണാതായ സംഭവത്തില്‍ വിചിത്ര വിശദീകരണവുമായി പോലീസ് ഉദ്യോഗസ്ഥര്‍. വിവിധ സ്റ്റേഷനുകളില്‍ നിന്നായി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന ഇരുപത്തിഒന്‍പതിനായിരം ലിറ്റര്‍ മദ്യം എലി കുടിച്ചെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.

ഹരിയാന ഫരീദാബാദിലെ പോലീസ് സ്റ്റേഷന്‍ അധികൃതരാണ് ‘വിചിത്രമായ’ വിശദീകരണവുമായെത്തിയത്. ഇവിടെ വിവിധ സ്റ്റേഷനുകളില്‍ നിന്നായി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന ഇരുപത്തിഒന്‍പതിനായിരം ലിറ്റര്‍ മദ്യമാണ് കാണാതായത്.
ആകെ മുപ്പത് സ്റ്റേഷനുകളില്‍ ഇരുപത്തിയഞ്ചിടത്തും സമാന ‘മോഷണം’നടന്നതാണ് സംശയം ഉയര്‍ത്തിയത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഫരീദാബാദ് പൊലീസ് അധികൃതര്‍ ഈയടുത്ത് അന്‍പതിനായിരം ലിറ്റര്‍ വിദേശനിര്‍മ്മിത അനധികൃത മദ്യം പിടിച്ചെടുത്തിരുന്നു. ഇതില്‍ മുപ്പതിനായിരം ലിറ്റര്‍ ഇംഗ്ലീഷ് വൈനും മൂവായിരം കാന്‍ ബിയറും ഉള്‍പ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് 825 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഈ കേസുകളില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് മദ്യം കാണാതായ വിവരം പുറത്തു വരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത സ്റ്റേഷനുകളിലെ സ്റ്റോര്‍ റൂമുകളിലായിരുന്നു ഈ മദ്യം സൂക്ഷിച്ചിരുന്നത്.

സാധാരണ നടപടിക്രമങ്ങള്‍ അനുസരിച്ച് കേസില്‍ വിധി വന്ന ശേഷം അധികൃതര്‍ ഇടപെട്ട് മദ്യം നശിപ്പിച്ചു കളയുന്നതാണ് രീതി. എന്നാല്‍ ഇത്തവണ വിധി വരുന്നതിന് മുമ്പ് തന്നെ തൊണ്ടി മുതല്‍ അപ്രത്യക്ഷമാവുകയായിരുന്നു.

മദ്യം എവിടെപ്പോയി എന്ന ചോദ്യത്തിനാണ് എലിയെ പഴിചാരി പോലീസുകാര്‍ വിശദീകരണം എത്തിയത്. കൂടുതലും പ്ലാസ്റ്റിക് കുപ്പികളിലായിരുന്നതിനാല്‍ മദ്യം എലി കുടിച്ചുകാണുമെന്നാണ് ഇവര്‍ അറിയിച്ചത്.

എന്നാല്‍ ഇംഗ്ലീഷ് വൈന്‍ ഗ്ലാസ് ബോട്ടിലുകളിലും ബിയര്‍ കാനിലുമാണ് സൂക്ഷിക്കുന്നത് എന്ന യാഥാര്‍ഥ്യം നിലവിലിരിക്കെ ഇത് എങ്ങനെ എലി കരണ്ടു കുടിച്ചു എന്ന കാര്യത്തില്‍ പോലീസുകാര്‍ വിശദീകരണം നല്‍കിയിട്ടില്ല. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here