തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സർക്കാരിനെ അപകീർത്തിപ്പെടുത്താന്‍ കസ്റ്റംസ് ശ്രമിക്കുന്നു- പിണറായി

0
428

തിരുവനന്തപുരം: വിവിധ ഏജന്‍സികളുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന സ്വപ്ന സുരേഷ് ഒരു ഏജന്‍സിക്ക് മുമ്പാകെയും പറയാത്ത മഹാകാര്യം കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വന്നപ്പോള്‍ പറഞ്ഞോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കസ്റ്റംസാണ് പ്രചാരണ പദ്ധതി നയിക്കുന്നതെന്നും കസ്റ്റംസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്താവന ഇതിന്റെ പ്രത്യക്ഷ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റംസ് കമ്മീഷണര്‍ കേസില്‍ എതിര്‍കക്ഷി പോലുമല്ലെന്നും കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് കസ്റ്റംസിന്റേതെന്നും അദ്ദേഹം പറഞ്ഞു.

Also Read ബി.ജെ.പി എം.എല്‍.എയുടെ ജന്മദിനാഘോഷത്തിനിടയില്‍ തര്‍ക്കം; വെടിവെച്ചും ആക്രമിച്ചും രണ്ട് പേരെ കൊലപ്പെടുത്തി

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം കേന്ദ്ര ഏജന്‍സികളില്‍ ചിലതിന്റെ ആക്രമണോത്സുകതയ്ക്ക് ആക്കം കൂടി. അതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ് ഇ.ഡി. കിഫ്ബിക്കെതിരേ നടത്തുന്ന നീക്കങ്ങളും കസ്റ്റംസ് ഇന്നലെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത പ്രസ്താവനയും. കേരളത്തിനും രാജ്യത്തിനും മാതൃകയായ, വികസന ബദല്‍ ഉയര്‍ത്തിയ കിഫ്ബിയെ കുഴിച്ചുമൂടാനാണ് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും മനോനില കടമെടുത്ത് കേന്ദ്ര ഏജന്‍സി ഇറങ്ങിത്തിരിച്ചത്.

കഴിഞ്ഞ നവംബറില്‍ ഒരു പ്രതി ക്രിമിനല്‍ നിയമത്തിന്റെ 164 വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ പ്രസ്താവനയിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് കസ്റ്റംസ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കേസില്‍ സത്യവാങ്മൂലം കൊടുത്ത കസ്റ്റംസ് കമ്മീഷണര്‍ എതിര്‍ കക്ഷി പോലുമല്ല. സ്വപ്‌ന സുരേഷും കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരുമാണ് എതിര്‍ കക്ഷികള്‍. എതിര്‍ കക്ഷിയല്ലാത്ത ഒരാള്‍ കോടതിയില്‍ ഇത്തരം സത്യവാങ്മൂലം നല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്.

ജൂലൈ മുതല്‍ വിവിധ ഏജന്‍സികളുടെ കസ്റ്റഡിയിലാണ് സ്വപ്‌ന സുരേഷ്. ഇതില്‍ ഒരു ഏജന്‍സിക്ക് മുമ്പാകെയും പറയാത്ത മഹാകാര്യം കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വന്നപ്പോള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ കാരണമെന്തായിരിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യം സത്യവാങ്മൂലം കൊടുത്ത കസ്റ്റംസും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മജിസ്‌ട്രേറ്റിന് മുമ്പില്‍ വകുപ്പ് 164 പ്രകാരം നടത്തുന്ന മൊഴി അന്വേഷണ ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് മാത്രമേ ലഭിക്കുകയുള്ളൂ. അന്വേഷണ ഏജന്‍സി പ്രത്യക്ഷമയോ, പരോക്ഷമായോ ഇത് വെളിപ്പെടുത്തരുതെന്ന് കേരള ഹൈക്കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിയമവശം ഇതായിരിക്കെ കേസില്‍ കക്ഷിയല്ലാത്ത കസ്റ്റംസ് കമ്മീഷണര്‍ മന്ത്രിസഭയിലെ അംഗങ്ങളേയും സ്പീക്കറേയും അപകീര്‍ത്തിപ്പെടുത്തുക എന്ന തിരഞ്ഞെടുപ്പ് ലക്ഷ്യത്തോടെയാണ് മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കേന്ദ്രത്തിലെ ഭരണ കക്ഷിയുടെ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമം നടക്കുന്നത്. അതിനായി തങ്ങളുടെ കസ്റ്റഡിയിലുള്ള പ്രതിയുടെ മാനസിക ചാഞ്ചാട്ടം അന്വേഷണ ഏജന്‍സികള്‍ മുതലെടുക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രസ്താവന നടത്തുകയും അത് മാധ്യമങ്ങളിലെത്തിക്കുകയും ചെയ്യുന്ന രീതിയാണ് ഏജന്‍സി അവലംബിച്ചത്. ഇത് പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിക്കും ബിജെപിക്കും ഒരുപോലെ പ്രയോജനമുണ്ടാക്കിക്കൊടുക്കാനുള്ള വിടുവേലയല്ലെങ്കില്‍ മറ്റെന്താണെന്നും പിണറായി ചോദിച്ചു.

2020 നവംബറില്‍ തന്നെ രഹസ്യമൊഴിയില്‍ എന്തുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നിമിഷങ്ങള്‍ക്കുള്ളില്‍ അതേറ്റുപിടിച്ച് പ്രതിപക്ഷ നേതാവും പ്രസ്താവന ഇറക്കിയിരുന്നു. അവര്‍ ഒരേ സ്വരത്തിലാണത് പറഞ്ഞത്. അതേ കൂട്ടര്‍ തിരഞ്ഞെടുപ്പടുത്തപ്പോള്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here