തവന്നൂരില്‍ കെ.ടി.ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പില്‍, കോണ്‍ഗ്രസ് സാധ്യതാ പട്ടികയിലെന്ന് റിപ്പോര്‍ട്ട്

0
336

നിയമസഭാ തെരഞ്ഞെടുപ്പില്‍ തവനൂരില്‍ കെ.ടി ജലീലിനെതിരെ ഫിറോസ് കുന്നംപറമ്പിലിനെ യുഡിഎഫ് രംഗത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി ഫിറോസ് കുന്നംപറമ്പില്‍ എത്തുമെന്നായിരുന്നു അഭ്യൂഹമുണ്ടായിരുന്നതെങ്കില്‍ കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികയില്‍ ഫിറോസ് ഇടംപിടിച്ചെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്ത. മീഡിയാ വണ്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സ്‌ക്രീനിങ്ങ് കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം ഫിറോസ് കുന്നംപറമ്പിലിനെ ഫോണില്‍ വിളിച്ചെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

കൈപ്പത്തി ചിഹ്നത്തില്‍ തന്നെ ഫിറോസിനെ കളത്തിലിറക്കാനാണ് തീരുമാനം. മുസ്ലിംലീഗിന്റെ കൂടി താത്പര്യം പരിഗണിച്ചാണ് ഫിറോസ് സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചെന്നും വാര്‍ത്ത.

തുടര്‍ച്ചയായി രണ്ട് തവണ കെ.ടി ജലീല്‍ ജയിച്ച മണ്ഡലമാണ് തവന്നൂര്‍.2011ല്‍ ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശിനെ 6854 വോട്ടുകള്‍ക്കാണ് ജലീല്‍ പരാജയപ്പെടുത്തിയത്. 2016ല്‍ 17,064 ആയിരുന്നു ഭൂരിപക്ഷം.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ജനുവരിയില്‍ ഫിറോസ് കുന്നംപറമ്പില്‍ ഫേസ്ബുക്ക് ലൈവിലൂടെ പ്രഖ്യാപിച്ചിരുന്നു.

ഫിറോസ് അന്ന് പറഞ്ഞത്

തിരഞ്ഞെടുപ്പ് മല്‍സര രംഗത്തേക്ക് ഞാനില്ല. ഇതുവരെ ചെയ്ത പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. എന്നെ തേടിയെത്തുന്ന രോഗികള്‍ക്കും നിര്‍ധനരായ ആള്‍ക്കാര്‍ക്കുമായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. പലയിടത്തു നിന്നും ഫിറോസ് കുന്നംപറമ്പില്‍ രാഷ്ട്രീയത്തിലേക്ക് എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. അത് പല തലത്തിലേക്കുള്ള ചര്‍ച്ചകള്‍ക്കും വഴിവയ്ക്കുന്നു. പലരും ഫിറോസിന്റെ രാഷ്ട്രീയം ഏതെന്ന് അന്വേഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഉറച്ച് തന്നെ പറയുകയാണ് ഞാന്‍ ഈ വരുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ല. എനിക്ക് വ്യക്തിപരമായ രാഷ്ട്രീയമുണ്ട്. പക്ഷേ അത് എന്റെ മാത്രം കാര്യവുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here