ജയസാദ്ധ്യതയുള്ളത് 25 മണ്ഡലങ്ങളിൽ, എങ്കിലും ബിജെപിക്ക് തിരിച്ചടിയാകുക ഒരേയൊരു ഘടകം

0
313

തിരുവനന്തപുരം: എത്ര സീറ്റിൽ ജയിക്കുമെന്ന ചോദ്യത്തിന് ബി.ജെ.പി സംസ്ഥാന ഘടകം കേന്ദ്രനേതൃത്വത്തിന് നൽകിയ മറുപടി രണ്ടു ഡസൻ എന്നാണ്. അറുപതോളം മണ്ഡലങ്ങളിൽ എൻ.ഡി.എ സഖ്യം ശക്തമായ ത്രികോണ മത്സരത്തിന് വഴിതുറക്കുമെങ്കിലും 24 എണ്ണത്തിൽ ജയിക്കാനുറപ്പിച്ചു തന്നെ പേരാട്ടം! ഇതിൽ മൂന്നു മണ്ഡലങ്ങൾ സംവരണ മണ്ഡലങ്ങളാണ്. മൂന്നു മണ്ഡലങ്ങൾ ബി.ഡി.ജെഎസിന്റേതും.

87 വോട്ടിന് കെ.സുരേന്ദ്രൻ പരാജയപ്പെട്ട മണ്ഡലമായ മഞ്ചേശ്വരമാണ് ഒന്ന്. ബി.ജെ.പി രണ്ടാം സ്ഥാനത്തു വന്ന കാസർകോടും പട്ടികയിലുണ്ട്. നഗരസഭാ ഭരണം കൈയാളുന്ന പാലക്കാട്ടും വി.എസ് അച്യുതാനന്ദനെതിരെ ബി.ജെ.പിയിലെ സി.കൃഷ്ണകുമാർ രണ്ടാം സ്ഥാനത്തെത്തിയ മലമ്പുഴയും പട്ടികയിലുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇപ്പോൾ 5000 വോട്ടിനു മാത്രം പിറകിലുള്ള പാലക്കാട്, ഇ.ശ്രീധരന്റെ വ്യക്തിപ്രഭാവം കൊണ്ട് ജയിച്ചുകയറാമെന്നാണ് കണക്കുകൂട്ടൽ. മലമ്പുഴയിൽ മത്സരം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്നത് അനുകൂല ഘടകം.

സുരേഷ് ഗോപിയെ നിറുത്തിയാൽ തൃശൂർ പിടിച്ചെടുക്കാമെന്നാണ് പ്രതീക്ഷ. നഗരസഭയിലും പഞ്ചായത്ത് വാർഡുകളിലും മികച്ച പ്രകടനം നടത്തിയ കൊടുങ്ങല്ലൂരിൽ ഇത്തവണ ജയിച്ചുകയറാമെന്നാണ് ആത്മവിശ്വാസം. ഇരിങ്ങാലക്കുടയിൽ ബി.ജെ.പി വോട്ടുകളോടൊപ്പം ജേക്കബ് തോമസിന്റെ വ്യക്തിപ്രഭാവവും ക്രിസ്ത്യൻ വോട്ടുകളിൽ ഒരു പങ്കും ബി.ജെ.പിയെ സഹായിച്ചേക്കും.

എറണാകുളം ജില്ലയിൽ ബി.ജെ.പി വലിയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. നഗരസഭയിലും പഞ്ചായത്തുകളിലും നല്ല വേരോട്ടമുള്ള മണ്ഡലത്തിൽ പൊതു സമ്മതനായ സ്ഥാനാർത്ഥി കൂടിവന്നാൽ വിജയം അകലെയല്ലെന്നാണ് കണക്കുകൂട്ടൽ.

ശബരിമല പ്രക്ഷോഭത്തിന്റെ സ്വാധീനവും ബി.ജെ.പിയുടെ പരമ്പരാഗത ശക്തിയുമാണ് ആറന്മുള, കോന്നി, അടൂർ മണ്ഡലങ്ങളെ ബി.ജെ.പിക്ക് പ്രിയങ്കരമാക്കുന്നത്. അടൂർ നിയമസഭാ മണ്ഡലത്തിലെ പന്തളം നഗരസഭ ബി.ജെ.പിയാണ് ഭരിക്കുന്നത്.

2014 ലോക്സഭാ തിരഞ്ഞെടുപ്പോടെയാണ് തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ സാദ്ധ്യത ബി.ജെ.പി മനസ്സിലാക്കിയത്. കഴിഞ്ഞ തവണ നേമം പിടിക്കാനും കഴിഞ്ഞു. ശബരിമല പ്രക്ഷോഭത്തോടെ ആറ്റിങ്ങൽ, വർക്കല മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ ഗ്രാഫ് കുത്തനെ കയറി. അതേസമയം ജയസാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ മുസ്ലിം വോട്ടുകളുടെ ഏകീകരണം ബി.ജെ.പിക്ക് എതിരായോക്കുമെന്ന മുൻകരുതലുമുണ്ട്.

ആ 24 മണ്ഡലങ്ങൾ

മഞ്ചേശ്വരം, കാസർകോട്, പാലക്കാട്, മലമ്പുഴ, തൃശൂർ, കൊടുങ്ങല്ലൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, തൃപ്പൂണിത്തുറ, കാഞ്ഞിരപ്പള്ളി, ചെങ്ങന്നൂർ, മാവേലിക്കര, കോന്നി, അടൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി, ചാത്തന്നൂർ, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, വർക്കല, ആറ്റിങ്ങൽ.

LEAVE A REPLY

Please enter your comment!
Please enter your name here