കരിപ്പൂരില്‍ യാത്രക്കാരന്റെ 48 ലക്ഷം രൂപയുടെ വാച്ച് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അടിച്ചു തകര്‍ത്തു (വീഡിയോ)

0
247

കരിപ്പൂര്‍: സ്വര്‍ണക്കടത്തെന്ന് സംശയിച്ച് യാത്രക്കാരന്റെ 48 ലക്ഷം രൂപ വിലയുള്ള വാച്ച് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അടിച്ചുതകര്‍ത്തെന്നു പരാതി. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്കു 2.45ന് ദുബയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ IX 1952 വിമാനത്തിലെ യാത്രക്കാരനായ മംഗലാപുരം ബട്കല്‍ സ്വദേശി മുഹമ്മദ് ഇസ്മായിലിനാണ് ദുരനുഭവം ഉണ്ടായത്. ഇദ്ദേഹത്തിന്റെ 48 ലക്ഷം രൂപ വിലയുള്ള ‘AUDEMARS PIGUET’ കമ്പനിയുടെ ആഡംബര വാച്ചാണ് ചുറ്റിക ഉപയോഗിച്ച് അടിച്ചുതകര്‍ത്തത്. മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ എം ബഷീര്‍ ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

എട്ടുവര്‍ഷത്തോളം പഴക്കമുള്ള വാച്ച് സഹോദരനാണ് ഇദ്ദേഹത്തിനു നല്‍കിയതെന്നും കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലിസില്‍ പരാതി നല്‍കിയതായും കെ എം ബഷീര്‍ പറഞ്ഞു. ഒരു വാച്ചിനുള്ളില്‍ എത്ര കിലോ സ്വര്‍ണം കടത്താന്‍ കഴിയുമെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. വാച്ചിനുള്ളില്‍ സ്വര്‍ണം കടത്തുന്നതായി സംശയമുണ്ടെങ്കില്‍ തന്നെ വാച്ച് തുറക്കണമെങ്കില്‍ വിദ്ഗ്ധരായ ടെക്‌നീഷ്യനെ വിളിച്ചു വരുത്തി പരിശോധന നടത്തുകയാണു വേണ്ടതെന്നും കെ എം ബഷീര്‍ പറഞ്ഞു. കുറ്റക്കാരായ കസ്റ്റംസ് ഉദ്യോഗസ്ഥനെതിരേ സമഗ്രമായ നടപടി വേണം. ഇരയ്ക്കു നഷ്ടപരിഹാരം നല്‍കുന്നതു വരെ കേസുമായി മുന്നോട്ടുപോവും. കരിപ്പൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായും എയര്‍പോര്‍ട്ട് അതോറിറ്റി, കസ്റ്റംസ് സൂപ്രണ്ടിനും പരാതി നല്‍കിയതായും അഭിഭാഷകനായ കെ കെ മുഹമ്മദ് അക് ബര്‍ പറഞ്ഞു.

കൈയില്‍ കെട്ടിയ വാച്ചിന് നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കാമെന്നിരിക്കെ സ്വര്‍ണക്കടത്താണെന്നു സംശയിച്ച് വാച്ച് വാങ്ങിയ ശേഷം അടിച്ചുതകര്‍ക്കുകയും ആറു കഷണങ്ങളാക്കുകയും ചെയ്ത ശേഷമാണ് തിരിച്ചുനല്‍കിയത്. അര കോടിയോളം രൂപ വിലമതിക്കുന്ന വാച്ചിനെ കുറിച്ച് അറിയാത്ത കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇത്തരത്തില്‍ യാത്രക്കാരനോട് ക്രൂരത ചെയ്തതെന്നുമാണ് പരാതിയില്‍ നിന്നു വ്യക്തമാവുന്നത്.

https://www.facebook.com/watch/?v=570258807265038

 

LEAVE A REPLY

Please enter your comment!
Please enter your name here