ഒരോവറിലെ ആറ് പന്തുകളും സിക്‌സര്‍ പായിച്ച് വെസ്റ്റ്ഇന്‍ഡീസ് താരം കീരണ്‍ പൊള്ളാര്‍ഡ്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യിലാണ് പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിങ്. സ്പിന്നര്‍ അകില ധനഞ്ജയ്‌യാണ് പൊള്ളാര്‍ഡിന്റെ ബാറ്റിങ് ചൂടറിഞ്ഞത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ഓവറില്‍ എല്ലാ പന്തുകളും സിക്‌സര്‍ നേടുന്ന മൂന്നാമത്തെ കളിക്കാരനാവാനും പൊള്ളാര്‍ഡിനായി. ദക്ഷിണാഫ്രിക്കയുടെ ഹര്‍ഷല്‍ ഗിബ്‌സ്, ഇന്ത്യന്‍ താരം യുവരാജ് സിങ് എന്നിവരാണ് നേരത്തെ ഈ നേട്ടം കൈവരിച്ചത്.
ഇതില്‍ ഗിബ്‌സിന്റെ വെടിക്കെട്ട് ഏകദിനത്തിലായിരുന്നുവെങ്കില്‍ മറ്റു രണ്ടു പേരുടെയും ടി20യിലായിരുന്നു. പൊള്ളാര്‍ഡിന്റെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ വിന്‍ഡീസ് നാല് വിക്കറ്റിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടിയപ്പോള്‍ വിന്‍ഡീസ് 13.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പൊള്ളാര്‍ഡ് പതിനൊന്ന് പന്തില്‍ 38 റണ്‍സ് നേടി. ലെന്‍ഡി സിമ്മണ്‍സ്(26) എവിന്‍ ലെവിസ് (28) എന്നിവരും റണ്‍സ് കണ്ടെത്തി. അതേസമയം അകില ധനഞ്ജയ്ക്ക് ആശ്വസിക്കാനും വകയുണ്ട്. ഈ മത്സരത്തില്‍ ധനഞ്ജയ് ഹാട്രിക്ക് വിക്കറ്റ് നേടിയിരുന്നു.
ഹാട്രിക്ക് വിക്കറ്റ് നേടിയ ബൗളറെ അതേ കളിയില്‍ തന്നെ ‘പെരുമാറി’ എന്നൊരു നേട്ടം പൊള്ളാര്‍ഡിന്റെ പേരിലായി. മൂന്നാമത്തെ ഓവറിലായിരുന്നു ധനഞ്ജയ് ഹാട്രിക്ക് വിക്കറ്റുകള്‍ നേടിയത്. ലെവിസ്, ക്രിസ് ഗെയില്‍, നിക്കോളാസ് പൂരന്‍ എന്നിവരാണ് പുറത്തായത്. ധനഞ്ജയ് എറിഞ്ഞ അഞ്ചാമത്തെ ഓവറിലാണ് എല്ലാ പന്തുകളും ഗ്യാലറിയില്‍ വീണത്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ വിന്‍ഡീസ് മുന്നിലെത്തി. രണ്ടാം ടി20 വെള്ളിയാഴ്ച നടക്കും. വെസ്റ്റ്ഇന്‍ഡീസിലെ ആന്റിഗ്വയിലാണ് മത്സരങ്ങള്‍.