തൃശൂർ: ഈ മാസം നാലു ദിവസം ബാങ്കുകൾ സ്തംഭിക്കും. 11ന് ശിവരാത്രി അവധിയും 13, 14 തീയതികളിൽ ശനി, ഞായർ അവധികളും 15, 16ന് ജീവനക്കാരുടെ പണിമുടക്കും വരുന്നതിനാലാണിത്. പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരെ ബാങ്ക് ജീവനക്കാരുടെയും ഓഫിസർമാരുടെയും സംഘടനകളും ജനറൽ ഇൻഷുറൻസ് സ്വകാര്യവത്കരണത്തിനും എൽ.ഐ.സി ഓഹരി വിൽപനക്കുമെതിരെ ഇൻഷുറൻസ് മേഖലയിലെ സംഘടനകളുമാണ് പണിമുടക്കുന്നത്.
Also Read ആമസോണില്‍ ചക്കക്കുരുവിന്റെ വിലകേട്ടാല്‍ നിങ്ങള്‍ ഞെട്ടും
തിങ്കളാഴ്ച ജീവനക്കാർ പ്രതിഷേധ മാസ്ക് ധരിച്ച് ജോലി ചെയ്യും. 17ന് ജനറൽ ഇൻഷുറൻസ് ജീവനക്കാരും 18ന് എൽ.ഐ.സി ജീവനക്കാരും പണിമുടക്കും. ബാങ്ക് പണിമുടക്കിെൻറ ഭാഗമായി 12ന് ജില്ല- ടൗൺ തല ധർണകളും റാലികളും നടക്കും.
എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.സി, എൻ.സി.ബി.ഇ, എ.ഐ.ബി.ഒ.എ, ബി.ഇ.എഫ്.ഐ, ഐ.എൻ.ബി.ഇ.എഫ്, ഐ.എൻ.ബി.ഒ.സി, എൻ.ഒ.ബി.ഡബ്ല്യു, എൻ.ഒ.ബി.ഒ സംഘടനകളടങ്ങുന്ന ഒമ്പത് യൂനിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനമനുസരിച്ച് പൊതുമേഖല -സ്വകാര്യ -വിദേശ -ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്. ജനവിരുദ്ധ പരിഷ്കാരങ്ങൾ ഉപേക്ഷിക്കാത്തപക്ഷം കൂടുതൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻ സംസ്ഥാന കൺവീനർ സി.ഡി. ജോസൻ അറിയിച്ചു.