കാസർകോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സി.പി.എം ജനപ്രതിനിധിയുടെ ഭീഷണിക്ക് വിധേയനായ പ്രിസൈഡിങ് ഓഫിസറുടെ പരാതിയിൽ നടപടി സ്വീകരിക്കാത്തതിെൻറ പേരിൽ അന്വേഷണം നേരിടുന്ന ജില്ല കലക്ടറെ തെരഞ്ഞെടുപ്പ് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് കാസർകോട് നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് വേളയിലും അല്ലാത്തപ്പോഴും രാഷ്ട്രീയ പക്ഷപാതിത്വ നിലപാടിെൻറ പേരിൽ വിവിധ കക്ഷികളുടെ പരാതിക്കും പൊതു സമൂഹത്തിെൻറ ആക്ഷേപത്തിനും വിധേയനായ വ്യക്തിയുടെ കീഴിൽ സുതാര്യവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് അസാധ്യമാണെന്ന് യോഗം വിലയിരുത്തി.
തദ്ദേശ സ്ഥാപനങ്ങളുടെ അധികാരത്തിൽ കൈകടത്തുകയും ജനപ്രതിനിധികളെ അവഹേളിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ മാഫിയക്ക് നേതൃത്വം നൽകുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡൻറ് എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി, ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുല്ല, ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ജില്ല ഭാരവാഹികളായ കെ. മുഹമ്മദ് കുഞ്ഞി, പി.എം. മുനീർ ഹാജി, മൂസ ബി. ചെർക്കള, മണ്ഡലം ഭാരവാഹിളായ മാഹിൻ കേളോട്ട്, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.എം. ഇഖ്ബാൽ, അബ്ദുറഹിമാൻ ഹാജി പട്ട്ള, ഇ. അബൂബക്കർ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള സ്വാഗതം പറഞ്ഞു.