40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; യുവജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി എല്‍ഡിഎഫ് പ്രകടന പത്രിക

0
219

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എല്‍ഡിഎഫിന്റെ പ്രകടപത്രിക പുറത്തിറക്കി. എകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള ഇടത് നേതാക്കള്‍ പങ്കെടുത്തു.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഇടതുമുന്നണി നടപ്പാക്കിയ വികസന പ്രവര്‍ത്തനവും ജനക്ഷേമപ്രവര്‍ത്തനവുമാണ് എല്‍ഡിഎഫിന് കരുത്താകുന്നതെന്ന് എ. വിജയരാഘവന്‍ പറഞ്ഞു. ജനക്ഷേമ പരിപാടികള്‍ക്കൊപ്പം മത നിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചാണ് ഇടതുമുന്നണി പ്രവര്‍ത്തിക്കുന്നത്. ഇടതുസര്‍ക്കാരിന് തുടര്‍ഭരണം പ്രതീക്ഷിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് അവരുടെ പ്രതീക്ഷയോളം വളരാന്‍ സാധിക്കുന്ന പ്രകടന പത്രികയാണ് തയാറാക്കിയിരിക്കുന്നത്.

നാനാ മേഖലകളില്‍ കേരളം ഒന്നാമതാണ്. വിദ്യാഭ്യാസ മേഖലയുടെ വിപുലീകരണവും നവീകരണവും ഗുണപരമായ വളര്‍ച്ചയിലുമെല്ലാം കേരളം ഒന്നാം സ്ഥാനത്താണ്. അഴിമതി രഹിമായ ഭരണം നടപ്പിലാക്കാന്‍ കഴിഞ്ഞതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

രണ്ട് ഭാഗമായാണ് പ്രകടന പത്രിക രൂപീകരിച്ചിരിക്കുന്നത്. ആദ്യഭാഗത്ത് 50 ഇന പരിപാടികളാണ് രൂപീകരിച്ചിരിക്കുന്നത്. ഇതിന് തുടര്‍ച്ചായായി 900 നിര്‍ദ്ദേശങ്ങളുമുണ്ട്. ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത് അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ്. നാല്‍പത് ലക്ഷം തൊഴിലവസരങ്ങള്‍ പുതിയതായി സൃഷ്ടിക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങളാണ് ഈ പ്രകടനപത്രികയിലുള്ളതെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here