അമ്പത് കഴിഞ്ഞ റോസ്‍ലിന്‍ ഫെററുടെയും റോമ്മല്‍ ബാസ്കോയുടെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു ആഢംബരത്തോടെയുള്ള വിവാഹം. കഴിഞ്ഞ 24 വര്‍ഷമായി ലിവിംഗ് ടുഗെദറായി ജീവിക്കുമ്പോഴും അവരാ മോഹം മനസില്‍ കൊണ്ടുനടന്നു. ഒടുവില്‍ ആറ് മക്കളെ സാക്ഷിയാക്കി ആഗ്രഹം പോലെ വിവാഹിതരായപ്പോള്‍ സോഷ്യല്‍ മീഡിയ ആ വിവാഹത്തെ ആഘോഷമാക്കുകയും ചെയ്തു.

ഫിലിപ്പീന്‍സിലെ തെരുവുകളില്‍ ആക്രി പെറുക്കി വിറ്റ് ജീവിക്കുന്ന റോസ്‍ലിന്‍റെയും റോമ്മലിന്‍റെയും ജീവിതം ശരിക്കും സംഭവബഹുലമാണെന്ന് പറയാം. സ്വന്തമായി കിടപ്പാടമില്ലാത്ത, തല ചായ്ക്കാന്‍ ഇടമില്ലാത്തവരാണ് ഇവര്‍. കടുത്ത ദാരിദ്ര്യത്തിനിടയിലും സ്നേഹത്തോടെയാണ് ഇരുവരും ജീവിച്ചിരുന്നത്. പള്ളിയില്‍ വച്ച് പരമ്പരാഗത രീതിയില്‍ വിവാഹം കഴിക്കുക എന്നതായിരുന്നു അവരുടെ ഏറ്റവും വലിയ സ്വപ്നം. ഒരിക്കലും നടക്കില്ല എന്നു കരുതിയ സ്വപ്നം ഈയിടെ സഫലമാവുകയായിരുന്നു. ഒരു ദിവസം തെരുവില്‍ കുപ്പിയും പാട്ടയും പെറുക്കുമ്പോള്‍ പരിചയപ്പെട്ട ഹെയര്‍ഡ്രസര്‍ റിച്ചാര്‍ഡ് സ്ട്രാന്‍ഡ്സാണ് ഇരുവരുടെയും സ്വപ്ന സാക്ഷാത്ക്കാരത്തിന് വഴിയൊരുക്കിയത്.
വിവാഹത്തിന് വേണ്ടിയുള്ള രേഖകള്‍ ശരിയാക്കിയതും പള്ളിയിലെ കാര്യങ്ങള്‍ നോക്കിയതും റിച്ചാര്‍ഡ് ആയിരുന്നു. തുടര്‍ന്നുള്ള വെഡ്ഡിംഗ് ഫോട്ടോഷൂട്ടും റിച്ചാര്‍ഡിന്‍റെ വകയായിരുന്നു. വെള്ള നിറത്തിലുള്ള ഗൌണ്‍ ധരിച്ച റോസ്ലിന്‍ ഒരു നവവധുവിനെപ്പോലെ സുന്ദരിയായിരുന്നു. സ്യൂട്ട് ധരിച്ചായിരുന്നു റോമല്‍ വിവാഹത്തിനെത്തിയത്.

”രണ്ട് പതിറ്റാണ്ടിലേറെയായി ഇരുവരും ഒരുമിച്ച് താമസിക്കുകയാണെന്ന് എനിക്ക് മനസിലായി. ഒരു ലളിതമായ വിവാഹം നടത്താനുള്ള സാമ്പത്തികശേഷി പോലും അവര്‍ക്കുണ്ടായിരുന്നില്ല. അവരുടെ പ്രണയം എന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചു. ഇവന്‍റ് മാനേജ്മെന്‍റ് നടത്തുന്ന എന്‍റെ സുഹൃത്തുക്കളുമായി ഞാന്‍ ബന്ധപ്പെട്ടു. അവരുടെ സഹായത്തോടെ ദമ്പതികളെ അത്ഭുതപ്പെടുത്താന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു” റിച്ചാര്‍ഡ് ഡെയ്‍ലി മെയിലിനോട് പറഞ്ഞു. യഥാർത്ഥ സ്നേഹം ആഘോഷിക്കപ്പെടേണ്ട ഒന്നാണ്. നിങ്ങൾ ധനികനോ ദരിദ്രനോ ആകട്ടെ, അത് വളരെ സവിശേഷമാണ്…റിച്ചാര്‍ഡ് കൂട്ടിച്ചേര്‍ത്തു.
അന്നന്നത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്ത ഞങ്ങളെ സംബന്ധിച്ചിടത്തോളം വിവാഹമെന്നത് ഒരിക്കലും നടക്കാത്ത കാര്യമായിരുന്നു. അത് സാക്ഷാത്ക്കരിച്ചത് ഒരു അനുഗ്രഹമായി തോന്നുന്നുവെന്ന് റോസ്‍ലിന്‍ പറഞ്ഞു.