ഹൈക്കോടതി മുന്‍ ജഡ്ജി പിഎന്‍ രവീന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു. തൃപ്പൂണിത്തുറ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയയാത്രയുടെ സ്വീകരണ സമ്മേളനത്തിലാണ് ബിജെപി പ്രവേശനം. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനില്‍ നിന്നാണ് പിഎന്‍ രവീന്ദ്രന്‍ അംഗത്വം സ്വീകരിച്ചത്.
പിഎന്‍ രവീന്ദ്രന് പുറമേ മുന്‍ ഡിജിപി വേണുഗോപാലന്‍ നായര്‍, അഡ്മിറല്‍ ബിആര്‍ മേനോന്‍, ബിപിസിഎല്‍ മുന്‍ ജനറല്‍ മാനേജര്‍മാരായ സോമചൂഢന്‍, എം ഗോപിനാഥന്‍, മുന്‍ ഡെപ്യൂട്ടി ജിഎം കെ രവികുമാര്‍, ഡോ: പ്രസന്നകുമാര്‍, തോമസ് പി ജോസഫ്, കെഎ മുരളി, ഷിജി റോയി, എം ഐ സജിത്, അനില്‍ മാധവന്‍, വിനോദ് ചന്ദ്രന്‍ തുടങ്ങിയവരും ബിജെപിയില്‍ ചേര്‍ന്നു.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ നിര്‍മ്മലാ സീതാരാമന്‍ ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. കേരളത്തിന്റെ സല്‍പേര് ഇടത് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്നും ഇവിടെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെന്നും ധനമന്ത്രി വിമര്‍ശിച്ചു. കൊവിഡ് പ്രതിരോധത്തിലടക്കം സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും ഈ കേരളത്തെയാണോ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്നതെന്നും നിര്‍മ്മലാ സീതാരാമന്‍ ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് പ്രശസ്ത ഫുട്ബോള്‍ പരിശീലകന്‍ ടികെ ചാത്തുണ്ണി ബിജെപിയില്‍ ചേരുമെന്ന് അറിയിച്ചത്. വികസന കാര്യങ്ങളില്‍ ബിജെപിയുടെ സമീപനമാണ് തന്നെ ആ പാര്‍ട്ടിയോട് അടുപ്പിച്ചതെന്നായിരുന്നു ചാത്തുണ്ണിയുടെ പ്രതികരണം. മെട്രോ മാന്‍ ഇ ശ്രീധരന്‍ നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
ഇ ശ്രീധരനെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കണോ എന്ന കാര്യത്തില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കും. മണ്ഡലവും ബിജെപി ദേശീയ നേതൃത്വം തന്നെയാണ് തെരഞ്ഞെടുക്കുക.