ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണ്ണം. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല.കെഎസ്ആർടിസിയും ഭാഗീകമായാണ് പല ജില്ലകളിലും സർവീസ് നടത്തിയത്.തലസ്ഥാനത്ത് ഭൂരിഭാഗം കെഎസ്ആർടിസി ബസുകളും ഓട്ടോറിക്ഷകളും സര്‍വീസ് നടത്തി.
യാത്രക്കാര്‍ കുറവായതിനാല്‍ മിക്ക ബസുകളും വൈകിയാണ സർവീസ് ആരംഭിച്ചത്. എറണാകുളത്ത് KSRTC സർവീസുകൾ ഭാഗീകമായി മാത്രം നിരത്തിലറങ്ങിയത് യാത്രക്കാരെ വലച്ചു.
എറണാകുളത്ത് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ തലമുണ്ഡനം ചെയ്ത് പിച്ചച്ചട്ടി എടുത്ത് പ്രതിഷേധിച്ചു.പനമ്പള്ളി നഗറിലെ ഐ ഒ സി ഓഫീസിനു മുൻപിലായിരുന്നു പ്രതിഷേധം.കോഴിക്കോട് മുതലക്കുളത്തെ ആദായ നികുതി ഓഫീസിലേക്ക് സംയുക്ത തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തിൽ മാർച്ച് നടത്തി. ജില്ലയില്‍ അപൂർവമായി മാത്രമാണ് ഓട്ടോ റിക്ഷകള്‍ നിരത്തിലിറങ്ങിയത്.
പത്തനംതിട്ടയിലും വയനാട്ടിലും വാഹന പണിമുടക്ക് പൂർണമായിരുന്നു. പത്തനംതിട്ടയില്‍ ഏഴ് ബസുകൾ മാത്രമാണ് സര്‍വീസ് നടത്തിയത്. ജില്ലയിലെ സർക്കാർ ഓഫീസുകളില്‍ 30 ശതമാനത്തിന് താഴെയായിരുന്നു ഹാജര്‍ നില.തൃശ്ശൂരിൽ സ്വകാര്യ വാഹനങ്ങൾക്ക് പുറമെ ഓട്ടോറിക്ഷകളും സർവ്വീസ് നടത്തി. കൊല്ലത്തും പണിമുടക്ക് പൂർണമായിരുന്നു.
പണിമുടക്കിയ വിവിധ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. രാവിലെ നഗരത്തില്‍ സര്‍വീസ് നടത്തിയ ഏതാനും ഓട്ടോ റിക്ഷകളെ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമരാനുകൂലികള്‍ തടഞ്ഞു.