ആഗ്ര: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഇരുപത് വര്‍ഷമായി ജയിലില്‍ കഴിയുന്നയാള്‍ നിരപരാധിയാണെന്ന് കോടതി കണ്ടെത്തി. വിഷ്ണു തിവാരി എന്നയാളെ വെറുതെവിട്ടുകൊണ്ട് അലഹബാദ് ഹൈക്കോടതി ഉത്തരവിറക്കി.സ്വത്ത് തര്‍ക്കം മൂലം ഭര്‍ത്താവും അമ്മായിയപ്പനും യുവതിയെക്കൊണ്ട് കള്ള പരാതി കൊടുപ്പിക്കുകയായിരുന്നു.
ഇരുപത്തിമൂന്നാമത്തെ വയസിലാണ് തിവാരിയെ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ തിവാരിക്ക് കുടുംബാംഗങ്ങളെയെല്ലാം നഷ്ടമായെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ‘തിവാരി ഉടന്‍ ജയില്‍ മോചിതനാകും. ചെയ്യാത്ത കുറ്റത്തിന് 20 വര്‍ഷം ജയിലില്‍ കഴിഞ്ഞത് നിര്‍ഭാഗ്യകരമാണ്. ഔദ്യോഗിക മോചന ഉത്തരവിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്,’ ആഗ്ര സെന്‍ട്രല്‍ ജയിലിലെ സീനിയര്‍ സൂപ്രണ്ട് വി കെ സിംഗ് പറഞ്ഞു.
ലളിത്പൂര്‍ ഗ്രാമത്തിലായിരുന്നു തിവാരി താമസിച്ചിരുന്നത്. ഇവിടെ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള സിലവാന്‍ ഗ്രാമത്തിലെ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു ഇയാള്‍ക്കെതിരെയുള്ള കേസ്. ബലാത്സംഗം, ലൈംഗിക ചൂഷണം, എസ്‌സി / എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പടെ ചുമത്തിയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. വിചാരണക്കോടതി കുറ്റക്കാരനായിക്കണ്ട് തടവിന് ശിക്ഷിച്ചു.
തിവാരിയെ 2003 ല്‍ ആഗ്ര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും 2005ല്‍ പിതാവ് മരിച്ചതോടെ അത് സാധിക്കാതെ വന്നു.2020 ല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ജയില്‍ അധികൃതര്‍ സംസ്ഥാന നിയമ സേവന അതോറിറ്റിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ കൗശല്‍ ജയേന്ദ്ര താക്കര്‍, ഗൗതം ചൗധരി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.