‘വി.പി.പി മുസ്തഫയെ എനിക്ക് പേടിയാണ്, കൊന്നുകളയുമെന്നും അസ്ഥി കര്‍മ്മം ചെയ്യാന്‍ കൊടുക്കില്ലെന്നും പറഞ്ഞാല്‍ പേടിയാണ്; ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപോയി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

0
440

കോഴിക്കോട്: ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപോയി കാസര്‍ഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ചര്‍ച്ചയുടെ പാനലില്‍ സി.പി.ഐ.എം നേതാവ് വി.പി.പി മുസ്തഫയെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇറങ്ങിപ്പോയത്.

‘വി.പി.പി മുസ്തഫയെ തനിക്ക് പേടിയാണെന്നും അയാള്‍ തന്നെ കൊന്നുകളയുമെന്നും തന്റെ കുഞ്ഞുങ്ങള്‍ക്ക് എന്റെ അസ്ഥി കര്‍മ്മം ചെയ്യാന്‍ കൊടുക്കില്ലെന്ന് പറഞ്ഞാല്‍ തനിക്ക് പേടിയാണ് എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഇയാളുമായി താനൊരു ചര്‍ച്ചക്കില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. സി.പി.ഐ.എമ്മിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുള്ള മീഡിയ വണ്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം.

ചര്‍ച്ചയ്ക്കിടെ കെ.പി.സി.സി പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് നേതാവ് മോശമായി സംസാരിക്കുന്ന വീഡിയോകള്‍ ലഭ്യമാണ് എന്ന വി.പി.പി മുസ്തഫയുടെ പരാമര്‍ശമാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ ചൊടിപ്പിച്ചത്.

നേരത്തെ കെ.പി.സി.സി പ്രസിഡന്റ് ആയിരുന്ന കെ.മുരളീധരനെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അധിക്ഷേപിച്ചിരുന്നു. ഇതാണ് മുസ്തഫ ചൂണ്ടിക്കാട്ടിയത്. ഇതിനിടെ ചര്‍ച്ചയ്ക്ക് എത്തിയ ഉണ്ണിത്താന്‍ ചാനല്‍ തന്നോട് പറഞ്ഞ പാനല്‍ അല്ല ചര്‍ച്ചയ്ക്ക് എത്തിയതെന്നും വി.പി.പി മുസ്തഫയോട് സംസാരിക്കാന്‍ പേടിയാണെന്നും പറയുകയായിരുന്നു.

തന്നോട് ചര്‍ച്ചയില്‍ ആദ്യം ആനത്തലവട്ടം ആനന്ദന്‍ ആണെന്നായിരുന്നു പറഞ്ഞത്. പിന്നീട് സി. എസ് സുജാത ആയിരിക്കും സി.പി.ഐ.എം പാനല്‍ എന്ന് ചാനലില്‍ നിന്ന് പറഞ്ഞിരുന്നെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

വി.പി.പി മുസ്തഫ തന്റെ അസാന്നിധ്യത്തില്‍ വായില്‍ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണ്. തനിക്ക് ഇയാളെ പേടിയാണ് താന്‍ കാസര്‍കോട് എംപിയാണ്. എന്നും ഉണ്ണിത്താന്‍ പറഞ്ഞു.

‘വി.പി.പി മുസ്തഫയെ എനിക്ക് പേടിയാണ്. അയാള്‍ എന്നെ കൊന്നുകളയുമെന്നും എന്റെ കുഞ്ഞുങ്ങള്‍ക്ക് എന്റെ അസ്ഥി കര്‍മ്മം ചെയ്യാന്‍ കൊടുക്കില്ലെന്ന് പറഞ്ഞാല്‍ എനിക്ക് പേടിയാണ്. അതുകൊണ്ട് ഇയാളുമായി ഒരു ചര്‍ച്ചയില്‍ ഞാനില്ല. നിങ്ങള്‍ പറഞ്ഞ വാക്ക് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ഇത്തരം ആളുകളുമായി ചര്‍ച്ചചെയ്തു ഒരു പാര്‍ലമെന്റ് അംഗത്തിന്റെ നിലവാരത്തില്‍ നിന്ന് താഴ്ന്ന് ഇത്തരം ആളുകള്‍ക്ക് മറുപടി കൊടുക്കാന്‍ ഞാന്‍ ഇല്ല’. എന്നും ഉണ്ണിത്താന്‍ പറഞ്ഞു.

തുടര്‍ന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് വി.പി.പി മുസ്തഫയോട് കാസര്‍കോടുകാരനായ താങ്കള്‍ കാസര്‍കോട് എം.പിയെ ഭീഷണിപ്പെടുത്തുന്നുണ്ടോ എന്ന് അവതാരകന്‍ ചോദിച്ചു.

ഇതൊക്കെ പ്രേക്ഷകര്‍ കാണുകയാണ്. ഞാന്‍ രാജ്‌മോന്‍ ഉണ്ണിത്താന്റെ പേര് ഒന്നും പറഞ്ഞിട്ടില്ല. കുറ്റ്യാടിയിലെ സംഭവത്തെ കുറിച്ച് പറഞ്ഞപ്പോള്‍. കെ.പി.സി.സി പ്രസിഡന്റിനെ മോശമായി പറയുന്ന വീഡിയോ ലഭ്യമാണ് എന്നാണ് പറഞ്ഞത്. കെ.മുരളീധരന്‍ കെ.പി.സി.സി പ്രസിഡന്റ് ആയിരുന്നപ്പോള്‍ താന്‍ മോശമായി പറഞ്ഞിരുന്നെന്ന് ഏറ്റുപറയാന്‍ ഉണ്ണിത്താന്‍ തയ്യാറാണോ എന്നും വി.പി.പി മുസ്തഫ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here