വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് തബ്‍ലീഗ് പരിപാടികള്‍ക്കും മാധ്യമപ്രവർത്തനത്തിനും അനുമതി വേണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

0
158

വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡുടമകൾ) തബ്‌ലീഗ് സമ്മേളനങ്ങളിൽ പങ്കെടുക്കാനും രാജ്യത്തുവന്ന് മിഷനറി പ്രവർത്തനങ്ങൾ, പത്രപ്രവർത്തനം എന്നിവ ചെയ്യാനും മുൻകൂർ അനുമതി വാങ്ങണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

ഇന്ത്യയിലുള്ള വിദേശ നയതന്ത്ര ഓഫീസുകൾ, വിദേശ സർക്കാരുകളുടെ ഇന്ത്യയിലെ ഓഫീസുകൾ എന്നിവയിൽ ജോലി ചെയ്യാനും വിദേശത്തെ ഇന്ത്യൻ എംബസികളിൽ ഇന്റേൺഷിപ്പ് ചെയ്യാനും ഫോറിന്‍ റീജിയണൽ രജിസ്​ട്രേഷന്‍ ഓഫിസില്‍ നിന്ന്​ പ്രത്യേക അനുമതി വാങ്ങണം.

ഇന്ത്യയിലെ ഏതെങ്കിലും വിദേശ നയതന്ത്ര ദൗത്യങ്ങളിൽ പങ്കെടുക്കുന്നതിനോ, വിദേശ സർക്കാർ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് നടത്തുന്നതിനോ, ഇന്ത്യയിലെ ഏതെങ്കിലും വിദേശ നയതന്ത്ര ദൗത്യങ്ങളിൽ ജോലി ചെയ്യുന്നതിനോ സംരക്ഷിത, നിയന്ത്രണ സ്ഥലം സന്ദർശിക്കുന്നതിനോ വിദേശ പൗരത്വമുള്ളവർക്ക് പ്രത്യേക അനുമതി വാങ്ങണം.

കോവിഡ്‌ മാനദണ്ഡങ്ങൾ ലംഘിച്ച്‌ തബ്‌ലീഗ്‌ ജമാഅത്ത്‌ സമ്മേളനത്തിൽ പങ്കെടുത്തെന്ന കേസിൽ 36 വിദേശികളെയും ഡൽഹി കോടതി വെറുതെവിട്ടിരുന്നു. ഡൽഹി പൊലീസിനെയും സബ്‌ഡിവിഷണൽ മജിസ്‌ട്രേറ്റിനെയും രൂക്ഷമായി വിമർശിച്ചാണ്‌ ചീഫ്‌ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ്‌ അരുൺകുമാർ ഗാർഗിന്റെ ഉത്തരവ്‌.

2020 മാർച്ചിൽ നിസാമുദീനിൽ തബ്‌ലീഗ്‌ സമ്മേളനത്തിൽ കോവിഡ്‌ മാനദണ്ഡങ്ങൾ ലംഘിച്ച്‌ പങ്കെടുത്തെന്ന്‌ ആരോപിച്ചാണ്‌ 955 വിദേശികൾക്ക്‌ എതിരെ‌ ഡൽഹി പൊലീസ്‌ കേസെടുത്തത്‌. ഇവരിൽ ഭൂരിഭാഗവും ഖേദപ്രകടനം നടത്തിയും ഉറപ്പുകൾ നൽകിയും സ്വദേശങ്ങളിലേക്ക്‌ മടങ്ങി. 44 പേർ ഡൽഹിയിൽ വിചാരണ നേരിടാൻ തയ്യാറായി. എട്ടുപേരെ കോടതി നേരത്തെ വെറുതെവിട്ടു. ബാക്കി 36 പേരെയാണ്‌ വെറുതെവിട്ടത്‌‌. തബ്‌ലീഗ്‌ സമ്മേളനമാണ്‌ രാജ്യത്ത്‌ കോവിഡ്‌ പടർത്തിയതെന്ന രീതിയിൽ ചിലർ വിദ്വേഷ പ്രചാരണം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here