വാശിയേറും പോരാട്ടത്തിൽ മഞ്ചേശ്വരം; തുളുനാട്ടിലെ തിരഞ്ഞെടുപ്പ് ചരിത്രം

0
663

കാസർകോട് ∙ 2016ൽ 89 വോട്ടിനു ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ മുസ്‌ലിം ലീഗിനെ പി.ബി. അബ്ദുറസാഖിനോട് തോറ്റ ചരിത്രമുള്ള മഞ്ചേശ്വരം മണ്ഡലത്തിൽ ഇത്തവണ മത്സരത്തിനു വീറും വാശിയുമേറെയാണ്. പോത്തോട്ട മത്സരത്തിനു വേദിയാകുന്ന മഞ്ചേശ്വരത്ത് അതേ ആവേശത്തിലാണ് ഓരോ വോട്ടർമാരും. മുസ്‍ലിംലീഗിലെ പി.ബി. അബ്ദുറസാഖിന്റെ നിര്യാണത്തെ തുടർന്ന് 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എം.സി.കമറുദ്ദീനു 7923 വോട്ടിന്റെ തിളക്കമാർന്ന ജയമാണ് മണ്ഡലത്തിലെ വോട്ടർമാർ നൽകിയത്. എന്നാൽ തിരഞ്ഞെടുപ്പിൽ ജയിച്ച് എംഎൽഎയായ ശേഷം അധികം താമസിയാതെ എം.സി.കമറുദ്ദീൻ ചെയർമാൻ ആയ ജ്വല്ലറിക്കെതിരെ നിക്ഷേപത്തട്ടിപ്പ് പരാതി ഉയർന്നു. തുടർന്നു മണ്ഡലത്തിന്റെ ജനപ്രതിനിധിക്ക് ജയിൽവാസവും നേരിടേണ്ടി വന്നു.

തുളുനാട്ടിലെ തിരഞ്ഞെടുപ്പ് ചരിത്രം

1957ലെ ആദ്യ തിരഞ്ഞെടുപ്പിൽ കർണാടക സമിതിയുടെ ഉമേഷ‌് റാവു എതിരില്ലാതെ ജയിച്ചു. പിന്നീട് 1960,1965,1967 നടന്ന തിരഞ്ഞെടുപ്പുകളിൽ കർണാടക സമിതിയുടെ കെ.മഹാബല ഭണ്ഡാരിക്കായിരുന്നു ജയം. സിപിഐയിലെ എം.രാമപ്പ,സിപിഎമ്മിലെ എം.രാമണ്ണറൈ എന്നിവരെ പരാജയപ്പെടുത്തിയാണ് കെ.എം.ഭണ്ഡാരി നിയമസഭയിലെത്തിയത്. തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ 1970ലും 1977ലും സിപിഐയുടെ ബി.എം രാമപ്പയും 1980ൽ മുസ്‍ലിംലീഗിലെ ചെർക്കളം അബ്ദുല്ലയെ പരാജയപ്പെടുത്തി സിപിഐയുടെ

ഡോ.എ.സുബ്ബറാവുവും സീറ്റ് നിലനി‍ർത്തി. 1982ൽ കോൺഗ്രസിലെ എൻ.രാമകൃഷ്ണനെ തോൽപിച്ചാണ് സിപിഐ മണ്ഡലത്തിലെ നാലാം ജയം നേടിയത്. 1987ൽ മുൻമന്ത്രിയായ ഡോ.എ.സുബ്ബറാവുവിനെ പരാജയപ്പെടുത്തിയ ചെർക്കളം അബ്ദുല്ല മുസ്‍ലിംലീഗിനായി സീറ്റ് നേടിയെടുത്തു. 1987 മുതൽ  2001 വരെ ചെർക്കളം അബ്ദുല്ലയോടൊപ്പമായിരുന്നു മണ്ഡലം. എന്നാൽ 2006ൽ  അട്ടിമറി ജയത്തോടെ സിപിഎമ്മിലെ സി.എച്ച്.കുഞ്ഞമ്പു 4829 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.

30 വർഷക്കാലം കൈവശം വച്ച മണ്ഡലത്തിൽ മുസ്‍ലിംലീഗ് ഈ തിരഞ്ഞെടുപ്പിലൂടെ മൂന്നാം സ്ഥാനത്താവുകയും  മൂന്നാം സ്ഥത്തായിരുന്ന സിപിഎം ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. 2011ലും 2016ലും മുസ്‍ലിംലീഗിലെ പി.ബി.അബ‌്ദുറസാഖ‌ിനായിരുന്നു ജയം. 2011ൽ സിപിഎം വീണ്ടും മൂന്നാം സ്ഥാനത്തായി. 2016ൽ ബിജെപിയിലെ കെ.സുരേന്ദ്രനെതിരെ മുസ്‍ലിംലീഗിലെ പി.ബി അബ‌്ദു റസാഖ‌ിന്റെ ജയം 89 വോട്ടിനായിരുന്നു. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിൽ മുസ്‍ലിംലീഗിലെ എം.സി.കമറുദ്ദീൻ 7923 വോട്ടിനാണ് ബിജെപിയിലെ രവീശ തന്ത്രി കുണ്ടാറിനെ പരാജയപ്പെടുത്തിയത്.

വികസന പ്രശ്നങ്ങൾ

മലയോര ഹൈവേയിൽ സംസ്ഥാനത്തെ ആദ്യ റീച്ചായ നന്ദാരപദവ്‌–ചേവാർ റോഡും മഞ്ചേശ്വരം മത്സ്യബന്ധ തുറമുഖവും തുറന്നത് മണ്ഡലത്തിലെ പ്രധാന വികസനമാണ്. ആറുവരി ദേശീയപാത വികസനത്തിൽ തലപ്പാടി ചെങ്കള റോഡിന്റെ പ്രവൃത്തിക്കായി കരാറായതും ഈ മണ്ഡലത്തിലെ വലിയ പദ്ധതികളാണ്‌. പി.ബി. അബ്ദുറസാഖിന്റെ മരണത്തോടെ മണ്ഡലത്തിൽ ഒരു വർഷം എംഎൽഎ ഇല്ലായിരുന്നു.

പിന്നീട് ഉപതിരഞ്ഞെടുപ്പിൽ എം.സി.കമറുദ്ദീൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും 3 മാസത്തോളം ജയിലിലായി. ചികിത്സ, വിദ്യഭ്യാസം, ഗ്രാമീണ റോഡുകൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ ഇനിയും വികസനമേറെ എത്താനുണ്ട്. മഞ്ചേശ്വരം താലൂക്ക് അനുവദിച്ചെങ്കിലും ഇതിനോടനുബന്ധിച്ചുള്ള മറ്റ് ഓഫിസുകൾ ഇവിടെ ആരംഭിച്ചിട്ടില്ല. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ വിഭജിച്ച് പുതിയ പൊലീസ് സ്റ്റേഷൻ ആരംഭിക്കാനുള്ള നിർദേശവും ഒന്നുമായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here