നിയമസഭാ തിരഞ്ഞെടുപ്പിൽ പങ്കാളിയാവുന്ന നേതാക്കളിൽ ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെയെന്ന് കണക്ക്.
കേരളത്തിലെ വിവിധ ജില്ലകളിലായി സുരേന്ദ്രന്റെ പേരിൽ 248 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.
വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, ലഹള നടത്തൽ, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ചു കയറൽ, പൊലീസുകാരുടെ ജോലി തടസപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേരൽ, തുടങ്ങിയ വകുപ്പുകൾ പ്രകാരമുള്ള കേസുകളാണ് സുരേന്ദ്രനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നാല് കേസുകളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ എട്ട് കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.
ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ മത്സരിക്കന്നതിന് മുൻപ് സത്യവാങ്മൂലം നൽകണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ നേരത്തെ വ്യക്തമാക്കിയിരുന്നു.
കേസുകൾ സംബന്ധിച്ച വിവരങ്ങൾ മൂന്ന് മാദ്ധ്യമങ്ങളിൽ പരസ്യപ്പെടുത്തണം. തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തിയതിനു ശേഷമേ ഇവർക്ക് മത്സരിക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളെ സ്ഥാനാർത്ഥിയാക്കുന്നതിനെ കുറിച്ച് രാഷ്ട്രീയ പാർട്ടികളോട് വിശദീകരണം തേടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.