കഴുത ഇറച്ചി കഴിച്ചാല്‍ ലൈംഗിക ശേഷി കൂടുമെന്നും രോഗങ്ങള്‍ ഭേദമാകുന്ന വിശ്വാസവും പ്രചരണവും വ്യാപകമായതോടെ ആന്ധ്രപ്രദേശില്‍ കഴുത ഇറച്ചിക്ക് വന്‍ വിലവര്‍ധന. ഇതോടെ അനധികൃതമായി കഴുതകളെ കശാപ്പ് ചെയ്യുന്നതും ഇറച്ചി വില്‍ക്കുന്നതും വന്‍തോതില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. 2001ലെ അറവുശാല നിയമപ്രകാരം സംസ്ഥാനത്ത് കഴുതകളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.
ശ്വാസകോശ രോഗങ്ങളും ശ്വസനതടസവും മാറാനും ലൈംഗി ആസക്തി വര്‍ദ്ധിക്കാനും കഴുതയിറച്ചി നല്ലതാണെന്നാണ് സംസ്ഥാനത്തെ ചില പ്രദേശങ്ങളിലെ ആളുകള്‍ വിശ്വസിക്കുന്നത്. നടുവേദനയും ആസ്തമയും മാറാന്‍ കഴുതയിറച്ചി നല്ലതാണെന്നും ആളുകള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ഒരു കിലോ കഴുതയിറച്ചിക്ക് 600 രൂപയാണെങ്കില്‍ പ്രായപൂര്‍ത്തിയായ കഴുതയ്ക്ക് 15,000 മുതല്‍ 20,000 രൂപ വരെയാണ് വില.
Also Read മുഹമ്മദ് റിയാസും ടി വി രാജേഷ് എം എല്‍ എയും റിമാന്‍ഡില്‍
2011 ലെ ഫുഡ് സേഫ്റ്റി സ്റ്റാന്‍റേഡ് അനുസരിച്ച് കഴുതകളെ ഭക്ഷിക്കാനാകില്ല. എന്നാല്‍ ഭാരം ചുമക്കുന്ന മൃഗത്തിന്‍റെ മാംസം കഴിച്ചാല്‍ പൗരുഷം വര്‍ധിക്കുമെന്നാണ് കഴുതകളെ ആഹാരമാക്കുന്നവര്‍ പറയുന്നത്.
പ്രകാശം, കൃഷ്ണ, കിഴക്കന്‍ ഗോദാവരി, ഗുണ്ടൂര്‍ ജില്ലകളില്‍ കഴുതകളെ വ്യാപകമായി കശാപ്പ് ചെയ്യുകയും ഇറച്ചി കഴിക്കുകയും ചെയ്യുന്നതായി അധികൃതര്‍ പറയുന്നു. സംസ്ഥാനത്ത് കഴുതകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. നിരവധി ക്രിമിനല്‍ സംഘങ്ങള്‍ സംയുക്തമായാണ് ആന്ധ്രയില്‍ കഴുതകളെ കശാപ്പ് ചെയ്യുന്ന റാക്കറ്റ് നടത്തുന്നത്. ഒരു സംഘം കഴുതകളെ കശാപ്പ് ചെയ്യുമ്പോള്‍ മറ്റൊരു സംഘം ഇറച്ചി സംഭരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാംസം ആവശ്യക്കാരിലേക്ക് വിതരണം ചെയ്യുന്നത് മറ്റൊരു സംഘമാണ്.
പ്രകാസം ജില്ലയിലെ കള്ളന്മാരുടെ താവളമായിരുന്ന സ്ഥാര്‍ത്ഥ്പുരത്ത് നിന്നാണ് കഴുത ഇറച്ചിയെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ക്കും തുടക്കം കുറിച്ചതെന്നാണ് മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ അഭിപ്രായം. കഴുതയുടെ രക്തം കുടിച്ചാല്‍ അതിവേഗം ഓടാന്‍ കഴിയുമെന്ന കെട്ടുകഥയും ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു. അടുത്തിടെ ഇറങ്ങിയ രവിതേജ നായകനായ തെലുങ്ക് ചിത്രമായ ക്രാക്കിലും കഴുതയുടെ രക്തം കുടിക്കുന്നത് കാണിക്കുന്നുണ്ട്. ശ്രുതി ഹാസനാണ് നായിക.