യുവതിയെ തട്ടിക്കൊണ്ടു പോയെന്ന പരാതി, ബലം പ്രയോഗിച്ചല്ല കയറ്റിയതെന്നു സിസിടിവി ദൃശ്യം; അന്വേഷണം വഴിത്തിരിവിൽ

0
197

കാസർകോട്: ഇതര സംസ്ഥാനക്കാരിയായ യുവതിയെ നഗരത്തിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ പൊലീസ് അന്വേഷണം വഴിത്തിരിവിൽ. ഇവർക്കൊപ്പമുണ്ടായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെയാണു സംഘം തട്ടിക്കൊണ്ടുപോയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇദ്ദേഹത്തെ  ബെംഗളൂരുവിൽ വച്ച് പൊലീസ് കണ്ടെത്തി.  ഇയാളുടെ മൊഴിയിൽ നിന്നാണ് ഇദ്ദേഹം തട്ടിക്കൊണ്ടുപോകലിന് വിധേയനാകപ്പെട്ടതായി കണ്ടെത്തിയത്.

ഇയാൾ നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടയാൾ ആണെന്നു ബെംഗളൂരു പൊലീസ് വിവരം നൽകിയിട്ടുണ്ടെന്ന് കാസർകോട് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സംഭവം.  കാഞ്ഞങ്ങാട് സ്വദേശികളായ അബ്ദുൽ ലത്തീഫ്, ഷൗക്കത്തലി എന്നിവർ ഇതര സംസ്ഥാനക്കാരിയായ സുഹൃത്തിനൊപ്പം കാസർകോട് പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിൽ നിൽക്കവേ കാറിലെത്തിയ ഒരു സംഘം യുവതിയെ തട്ടിക്കൊണ്ടുപോയി എന്നാണ് പരാതി.

അബ്ദുൽ ലത്തീഫാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. തുടർന്ന് പൊലീസ് ന‌ടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ യുവതി സാധാരണ നിലയിൽ നടന്ന് കാറിലേക്ക് കയറുന്നതായും യുവാവിനെ ബലം പ്രയോഗിച്ച് പിടിച്ച് കയറ്റുന്നതും വ്യക്തമായി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പൊലീസ് ബെംഗളൂരുവിൽ വച്ച് കണ്ടെത്തിയത്.

ഇദ്ദേഹം ബെംഗളൂരു കേന്ദ്രീകരിച്ച് ഓൺലൈൻ മാർക്കറ്റിങ്, മണി ചെയിൻ ഉൾപ്പെടെ ഒട്ടേറെ സാമ്പത്തിക തട്ടിപ്പുകൾ നടത്തി നിരവധി പേരെ വഞ്ചിച്ചിട്ടുണ്ടെന്നാണ് ബെംഗളൂരു പൊലീസ് നൽകുന്ന വിവരം. വഞ്ചിക്കപ്പെട്ടവർ സംഘം ചേർന്ന് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടതായി പൊലീസ് സംശയിക്കുന്നു. ഇതിന് ഈ സ്ത്രീയെ ഉപയോഗിച്ചിട്ടുണ്ടോ എന്നത് അന്വേഷണത്തിൽ മാത്രമേ വ്യക്തമാവൂ എന്ന് പൊലീസ് പറഞ്ഞു. നിലവിൽ തട്ടിക്കൊണ്ടു പോയ സംഘത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഇദ്ദേഹം കാസർകോട് പൊലീസിന്റെ കസ്റ്റഡിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here