അബുദാബി: സന്ദര്‍ശക,ടൂറിസ്റ്റ് വിസകളില്‍ യുഎഇയിലെത്തി കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്നവര്‍ക്ക് തിരികെ മടങ്ങാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയതായി റിപ്പോര്‍ട്ട്. ഒരു മാസത്തെയും മൂന്നു മാസത്തെയും സന്ദര്‍ശക,ടൂറിസ്റ്റ് വിസകളിലെത്തി രാജ്യത്ത് കഴിയുന്നവരില്‍ കാലാവധി അവസാനിച്ച വിസ ഉടമകള്‍ക്ക് മറ്റ് ഫീസുകളൊന്നും നല്‍കാതെ മാര്‍ച്ച് 31 വരെ രാജ്യത്ത് തുടരാമെന്ന് ജിഡിആര്‍എഫ്എ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.
ദുബൈയില്‍ സന്ദര്‍ശക വിസയിലെത്തിയവരുടെ വിസാ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിക്കിട്ടിയതായി ട്രാവല്‍ ഏജന്‍സികള്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ എംബസിയും രാജ്യത്ത് താമസിക്കുന്ന ചില സന്ദര്‍ശകരും വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. 2020 ഡിസംബര്‍ 29ന് മുമ്പ് അനുവദിച്ച സന്ദര്‍ശക വിസയിലെത്തിയവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
അതേസമയം യുഎഇയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് ഒരു മാസം രാജ്യത്ത് സൗജന്യമായി താമസിക്കാന്‍ അനുവദിച്ചുകൊണ്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം കഴിഞ്ഞ ഡിസംബര്‍ 27ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.