യഥാര്‍ത്ഥ പ്രായം എത്രയാണ് ?, ജന്‍മദിനത്തില്‍ ആരാധകരെ വീണ്ടും ആശയക്കുഴപ്പത്തിലാക്കി അഫ്രീദി

0
511

കറാച്ചി: പാകിസ്ഥാൻ മുൻ താരം ഷാഹിദ് അഫ്രീദിയുടെ യഥാർത്ഥ പ്രായം എത്രയാണ്? പിറന്നാൾ ദിനത്തിൽ ഇന്ന് ഒരിക്കൽ കൂടി അഫ്രീദിയുടെ പ്രായം കായികലോകത്ത് ചർച്ചയാവുകയാണ്. 44ആം പിറന്നാൾ ദിനത്തിൽ ആശംസയറിച്ചവർക്ക് നന്ദിപറഞ്ഞ് താരം ട്വീറ്റ് ചെയ്തതാണ് സംഭവം.

ഐസിസിയുടെ രേഖകളിൽ അഫ്രീദിക്ക് 41 വയസാണ് പ്രായം. ആത്മകഥയിലെ ജനന വർഷം അനുസരിച്ച് 46ഉം. എന്നാല്‍ പിറന്നാള്‍ ആശംസക്ക് നല്‍കിയ മറുപടിയില്‍ അഫ്രീദി പറയുന്നത് 44-ാം ജന്‍മദിനത്തില്‍ ആശംസ അറിയിച്ചവര്‍ക്ക് നന്ദിയെന്നാണ്.

16 വയസ്സിൽ അരങ്ങേറ്റത്തിൽ അതിവേഗ സെഞ്ച്വറിയും രാജ്യാന്തര ക്രിക്കറ്റിലെ പ്രായം കുറഞ്ഞ താരത്തിന്‍റെ സെഞ്ചുറിയും കുറിച്ച താരമാണ് അഫ്രീദി. എന്നാല്‍ അന്ന് തന്‍റെ യഥാര്‍ത്ഥ പ്രായം 16 ആയിരുന്നില്ല 19 വയസായിരുന്നുവെന്ന് വർഷങ്ങൾക്ക് ശേഷം ഗെയിം ചേഞ്ചർ എന്ന ആത്മകഥയില്‍ അഫ്രീദി വെളിപ്പെടുത്തി.

അങ്ങനെയാണെങ്കില്‍ ഐസിസി റെക്കോര്‍ഡുകള്‍ പ്രകാരം ഇപ്പോഴും രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയന്‍ അഫ്രീദിയാണ്. 16 വയസും 217 ദിവസവുമാണ് അതിവേഗ സെഞ്ചുറി കുറിക്കുമ്പോള്‍ ഐസിസി രേഖകള്‍പ്രകാരം അഫ്രീദിയുടെ പ്രായം. രണ്ടാം സ്ഥാനത്തുള്ളത് 17 വയസും 242 ദിവസവും പ്രായമുള്ളപ്പോള്‍ സെഞ്ചുറി നേടിയ അഫ്ഗാനിസ്ഥാന്‍റെ ഉസ്മാന്‍ ഖാനി ആണ്.

ഏകദിന ക്രിക്കറ്റിലെ അഫ്രീദിയുടെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡ് പിന്നീട് കോറി ആന്‍ഡേഴ്സണും(36 പന്തില്‍ 100) അതിനുശേഷം എ ബി ഡിവില്ലിയേഴ്സും(31 പന്തില്‍ 100) മറികടന്നെങ്കിലും പ്രായം കുറഞ്ഞ സെഞ്ചുറിയന്‍റെ റെക്കോര്‍ഡ് പക്ഷെ ഇപ്പോഴും അഫ്രീദിയുടെ പേരില്‍ തന്നെയാണ്.

കണക്കുകള്‍ ഇങ്ങനെയായിരിക്കെ യഥാര്‍ത്ഥത്തില്‍ 19 വയസില്‍ സെഞ്ചുറി നേടിയ അഫ്രീദിയ എങ്ങനെയാണ് ഇപ്പോഴും രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറി റെക്കോര്‍ഡിന് ഉടമയാകുക എന്നാണ് ആരാധകരുടെ ന്യായമായ സംശയം. 2017ലാണ് ലോകക്രിക്കറ്റിലെ എക്കാലത്തെയും പ്രഹരശേഷിയുള്ള താരങ്ങളിലൊരാളായ അഫ്രീദി വിരമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here