കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസ് വിജയിച്ചാല്‍ മുസ്‌ലിം ലീഗ് ഉപമുഖ്യമന്ത്രി പദം ചോദിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അടുത്ത തവണ അവര്‍ മുഖ്യമന്ത്രി പദം തന്നെ ചോദിക്കുമെന്നും കേരളത്തില്‍ ലീഗിനു വളരെയധികം സീറ്റുകള്‍ വര്‍ദ്ധിക്കുന്ന ഒരു അതിര്‍ത്തി പുനര്‍നിര്‍ണ്ണയമായിരിക്കും അടുത്ത തവണത്തേതെന്നും സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു.
യു.ഡി.എഫ് അധികാരത്തില്‍ വരുകയാണെങ്കില്‍ മുസ്‌ലിം ലീഗ് കേരളം ഭരിക്കും എന്ന പ്രചരണം ഈ തെരഞ്ഞെടുപ്പിലുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു സുരേന്ദ്രന്റെ മറുപടി.
‘മുസ്‌ലിം ലീഗ് ഇത്തവണ തന്നെ ഉപമുഖ്യമന്ത്രി പദം ചോദിക്കും. അടുത്ത തവണ മുഖ്യമന്ത്രി പദം ചോദിക്കും. കേരളത്തില്‍ ലീഗിനു വളരെയധികം സീറ്റുകള്‍ വര്‍ദ്ധിക്കുന്ന ഒരു അതിര്‍ത്തി പുനര്‍നിര്‍ണ്ണയമായിരിക്കും അടുത്ത തവണത്തേത്.
മലബാറില്‍ സീറ്റുകള്‍ വര്‍ദ്ധിക്കും. ഡെമോഗ്രാഫിക് ചെയ്ഞ്ചസ് അങ്ങനെയാണ് വരുന്നത്. പ്രത്യേക മലബാര്‍ സ്റ്റേറ്റൊക്കെ അതിന്റെ ഭാഗമായി ഉയര്‍ന്നുവരുന്നതാണ്. ശക്തമായ ഒരു നിലപാടെടുത്തില്ലെങ്കില്‍ കോണ്‍ഗ്രസ് തകരും. മാത്രമല്ല, ഏതുസമയത്തും എല്‍.ഡി.എഫിലേക്ക് പോകാനും ലീഗിനു മടിയില്ല. ഞങ്ങളുടെ വിലയിരുത്തല്‍ അതാണ്,’ സുരേന്ദ്രന്‍ പറഞ്ഞു.
മുസ്‌ലിം ലീഗ് കേരളം ഭരിച്ചാല്‍ എന്താണ് പ്രശ്‌നമെന്ന ചോദ്യത്തിന് ലീഗ് കേരളം ഭരിച്ചാല്‍ ഇതൊരു മതാധിഷ്ഠിത രാജ്യമാകുമെന്നും അതിന് വേണ്ടിയാണ് അവര്‍ ശ്രമിക്കുന്നതെന്നുമായിരുന്നു സുരേന്ദ്രന്റെ മറുപടി.
‘ഇപ്പോള്‍ അവര്‍ മതേതരത്വം പറഞ്ഞ് ഇന്ത്യന്‍ യൂണിയന്റെ ഭാഗമാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും അവരുടെ ഉള്ളിന്റെയുള്ളില്‍ വിഭജനവാദം തന്നെയാണ്. പ്രത്യേക മലബാര്‍ സംസ്ഥാനം പോപ്പുലര്‍ ഫ്രണ്ടിന്റെ അജന്‍ഡയാണ്. ഇപ്പോള്‍ ലീഗ് അതേറ്റെടുക്കുകയാണ്. എസ്.കെ.എസ്.എസ്.എഫിന്റെ മുഖപത്രമാണ് അതിന് അനുകൂലമായി എഡിറ്റോറിയല്‍ എഴുതിയത്.
മുസ്‌ലീം ലീഗിനെ അങ്ങനെയാണ് കാണുന്നതെങ്കില്‍ അഞ്ചാംമന്ത്രി വിവാദം വന്നപ്പോള്‍ എന്തിനാണ് അന്ന് കോണ്‍ഗ്രസ് പിന്മാറിയത്. ലീഗിനെ തൊപ്പിയഴിപ്പിച്ച് വെച്ച് സ്പീക്കറാക്കിയ കേരളമാണിത്. എന്തിനാണ് അങ്ങനെ ചെയ്തത്. അന്നു ഞങ്ങളില്ലായിരുന്നല്ലോ. അപ്പോള്‍ ലീഗിനെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണന്നും അതിന്റെ പ്രതിച്ഛായ എന്താണന്നും എല്ലാവര്‍ക്കുമറിയാം,’ സുരേന്ദ്രന്‍ അഭിമുഖത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് വര്‍ഗ്ഗീയശക്തികള്‍ക്കു മുന്നില്‍ കീഴടങ്ങിയെന്നും ഈ തെരഞ്ഞെടുപ്പില്‍ മഹാഭൂരിപക്ഷം സീറ്റിലും കോണ്‍ഗ്രസിന് അവരുടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ പറ്റില്ലെന്നും ലീഗിന്റെ തീരുമാനമനുസരിച്ചേ അവര്‍ക്കതിനു പറ്റുള്ളൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മുസ്‌ലിം വോട്ടിനെ സ്വാധീനിക്കാന്‍ കഴിയാത്ത ഒരൊറ്റ കോണ്‍ഗ്രസ് ഹിന്ദു നേതാവിനും ഇനിയിവിടെ നിലനില്‍പ്പില്ല. ലീഗ് അക്കാര്യത്തില്‍ വളരെയധികം കണ്‍സേണ്‍ഡായി മാറികഴിഞ്ഞു. ലീഗിന്റെ ഒരു അപ്രമാദിത്വമാണ്.
അടുത്ത അഞ്ചുകൊല്ലം കഴിയുമ്പോള്‍ ലീഗിന് സര്‍ക്കാര്‍ ഉണ്ടാക്കണം എന്നതാണ് അവരുടെ ലക്ഷ്യം. അതിനുവേണ്ടിയുള്ള പദ്ധതിയാണ് അവരുടേത്. അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിയുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.