‘മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് ജനങ്ങളെ തള്ളിവിടില്ല; തൂക്കുമന്ത്രിസഭ വന്നാല്‍ എന്ത് ചെയ്യും’; തുറന്ന് പറഞ്ഞ് ട്വന്റി 20

0
386

കൊച്ചി: ട്വന്റി 20യുടെ പിന്തുണയോടുകൂടിയാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും മുന്നണിക്ക് ഭരിക്കാന്‍ സാധിക്കൂ എന്നുള്ള നിലവന്നാല്‍ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് ജനങ്ങളെ തള്ളിവിടില്ലെന്ന് വ്യക്തമാക്കി ട്വന്റി 20 ചെയര്‍മാന്‍ സാബു എം.ജേക്കബ്.

തെരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികളോടും ജനങ്ങളോടും ആലോചിച്ച് നാടിന് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത് ഏത് മുന്നണിയാണോ അവരെ പിന്തുണച്ചു കൊണ്ടു പോകുക എന്നതായിരിക്കും ട്വന്റി 20 യുടെ തീരുമാനം.

നിരുപാധികമായ പിന്തുണയായിരിക്കില്ല മുന്നണികള്‍ക്ക് ട്വന്റി 20 കൊടുക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

” ഒരിക്കലും ഒരു മുന്നണിയുടെയും ഭാഗമാകാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. മന്ത്രിസഭയിലും ഭാഗമാകില്ല. പുറമേ നിന്ന് ഉപാധികളോടെയുള്ള പിന്തുണ നല്‍കികൊണ്ടായിരിക്കും ഞങ്ങള്‍ മുന്നോട്ടു പോകുക,” സാബു എം. ജേക്കബ് പറഞ്ഞു.

ഏത് മുന്നണിക്കായിരിക്കും പിന്തുണ എന്നത് എല്ലാവരോടും കൂടിയാലോചിച്ചുകൊണ്ടായിരിക്കും തീരുമാനിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷത്തെ സഹായിക്കാനാണ് ട്വന്റി 20 മത്സരിക്കുന്നത് എന്ന വാദത്തില്‍ കഴമ്പില്ലെന്നും, തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനേയും, യു.ഡി.എഫിനേയും, ബി.ജെ.പിയേയും നിലംപരിശാക്കികൊണ്ടാണ് ട്വന്റി 20 അധികാരത്തിലേറിയത് എന്നും സാബു എം.ജേക്കബ് പറഞ്ഞു.

ട്വന്റി 20 എറണാകുളം ജില്ലയില്‍ എട്ടു സീറ്റിലാണ് മത്സരിക്കുന്നത്. വീ ഫോര്‍ കേരള മൂന്ന് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. നേരത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ട്വന്റി 20ക്ക് സാധിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ ട്വന്റി 20 തയ്യാറെടുക്കുന്നത്. പൈനാപ്പിള്‍ ചിഹ്നത്തിലാണ് ട്വന്റി 20 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here