കൊല്ലം: മറ്റു രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാരെ വലവീശാനും മറുകണ്ടം ചാടിക്കാനും ബി.ജെ.പിയുടെ കേന്ദ്രസംഘം. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ, കർണാടക എം.എൽ.എ. സുനിൽകുമാർ കാർക്കളെ എന്നിവരാണ് നേതൃത്വം കൊടുക്കുന്നത്. ബി.ജെ.പിയിലെത്തുന്നവർക്ക് സ്ഥാനാർഥിത്വവും പാർട്ടി ഭാരവാഹിത്വവും വാഗ്ദാനം ചെയ്യുന്നതും ഇവരാണ്.
ബി.ജെ.പിയിലെത്തിയ മുൻ കോൺഗ്രസ് നേതാക്കളായ വിജയൻ തോമസ്, പന്തളം പ്രതാപൻ എന്നിവരോട് ഇവർ സംസാരിച്ചിരുന്നു. കോൺഗ്രസിലെയും കേരള കോൺഗ്രസിലെയും ഇടതുപക്ഷത്തെയും ചില നേതാക്കന്മാരുമായും ആശയവിനിമയം നടക്കുന്നുണ്ട്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും ചെയ്ത രീതിയിൽ മറ്റുകക്ഷികളിൽ നിന്ന് പരമാവധി നേതാക്കന്മാരെ ബി.ജെ.പിയിലെത്തിക്കാനാണ് നീക്കം. ഇങ്ങനെയെത്തുന്നവർക്കായി ചില മണ്ഡലങ്ങൾ ബി.ജെ.പി. ഒഴിച്ചിടുമെന്നാണ് സൂചന.
അടുത്തകാലത്ത് പി.ജെ. ജോസഫിനൊപ്പമെത്തിയ മറ്റൊരു കേരള കോൺഗ്രസ് ഗ്രൂപ്പ് നേതാവ് ബി.ജെ.പി. നേതൃത്വവുമായി രണ്ടുവട്ടം ചർച്ച പൂർത്തിയാക്കിയിട്ടുണ്ട്. ആൻറണി രാജുവുമായി തെറ്റിനിൽക്കുന്ന ജനാധിപത്യ കേരള കോൺഗ്രസ് നേതാക്കളുമായും ചർച്ച പുരോഗമിക്കുകയാണ്.