ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു; സംഭവം കോഴിക്കോട്

0
457

കോഴിക്കോട്: അത്തോളിയില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്ക് അടിച്ച് കൊന്നു. അത്തോളി കൊടക്കല്ല് സ്വദേശിനി ശോഭന(50)യാണ് മരിച്ചത്. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ കൃഷ്ണനെ (59) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഉറങ്ങുകയായിരുന്ന ശോഭനയെ മരത്തടി കൊണ്ടാണ് തലയ്ക്കടിച്ചത്. കിടപ്പുമുറിക്കുള്ളില്‍ രക്തം വാര്‍ന്ന് ശോഭന മരിച്ചു. കൊലയ്ക്ക് ശേഷം വീട് വിട്ടിറങ്ങിയ കൃഷ്ണനെ നാട്ടുകാരും പോലീസും ചേര്‍ന്ന് കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

രാവിലെ തറവാട് വീടിന് സമീപത്തെ മരത്തില്‍ കൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊല നടത്തുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. നിലവിളി ശബ്ദം കേട്ട് അയല്‍വാസികള്‍ വീട്ടില്‍ എത്തുമ്പോഴേയ്ക്കും കൃഷ്ണന്‍ രക്ഷപ്പെട്ടിരുന്നു.

കുടുംബപ്രശ്‌നമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസും നാട്ടുകാരും പറയുന്നു. വടകര റൂറല്‍ എസ് പിയുടെ നിര്‍ദ്ദേശപ്രകാരം ഫോറന്‍സിക്കും ഫിംഗര്‍ പ്രിന്റ് സംഘവും പരിശോധന നടത്തി. കൂരാച്ചുണ്ട്  ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം അത്തോളി എസ് ഐ ബാലചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി രണ്ട് പേരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മക്കള്‍:രമ്യ(കൂത്താളി), ധന്യ(ചേളന്നൂര്‍).എരഞ്ഞിക്കല്‍ സ്വദേശിയാണ് ശോഭന

LEAVE A REPLY

Please enter your comment!
Please enter your name here