ഭര്‍തൃഗൃഹത്തിലേക്ക് യാത്രയാക്കുന്നതിനിടെ സങ്കടം സഹിക്കാനാകാതെ നവവധു ഹൃദയം പൊട്ടി മരിച്ചു

0
419

വിവാഹം കഴിഞ്ഞു ഭര്‍തൃഗൃഹത്തിലേക്ക് അയക്കുന്ന ചടങ്ങിനിടെ സങ്കടം സഹിക്കാനാകാതെ നവവധു ഹൃദയാഘാതം മൂലം മരിച്ചു. ഒഡിഷയിലെ സോനാപൂര്‍ ജില്ലയിലെ ഗുപ്തേശ്വരി സാഹു എന്ന യുവതിയാണ് മരിച്ചത്.

വ്യാഴാഴ്ചയായിരുന്നു ജുലുണ്ട ഗ്രാമത്തിലെ സാഹുവും ടെറ്റെൽഗാവ് ഗ്രാമത്തിലെ ബിസികേശനും തമ്മിലുള്ള വിവാഹം നടന്നത്. വെള്ളിയാഴ്ച രാവിലെ വധുവിനെ കുടുംബാംഗങ്ങൾ ഭര്‍തൃഗൃഹത്തിലേക്ക് അയക്കാനുള്ള ‘ബിഡായി’ ചടങ്ങിനിടെ കുടുംബത്തെ പിരിയുന്ന വിഷമത്തില്‍ സാഹു കരയാന്‍ തുടങ്ങി. കരഞ്ഞ് കരഞ്ഞ് ഒടുവില്‍ ബോധം കെട്ട് നിലത്തേക്ക് വീഴുകയും ചെയ്തു. തുടര്‍ന്ന് ദുൻഗുരിപള്ളു കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്ക് കൊണ്ടുപോയെങ്കിലും ഹൃദയാഘാതം മൂലം നേരത്തെ മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുമ്പാണ് യുവതിയുടെ പിതാവ് മരിച്ചതെന്നും അവള്‍ വളരെയധികം ദുഃഖത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. അമ്മാവനും മറ്റും ചേർന്നാണ് വിവാഹം നടത്തിയത്. വൈകാരികമായി സമ്മർദ്ദം കൂടുമ്പോള്‍ ഇതുപോലെ ഹൃദയസ്തംഭനം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് സിഎച്ച്സിയിലെ ഡോക്ടർ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here