ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ആഹ്വാനം ചെയ്ത് കര്‍ഷകനേതാക്കള്‍ നേമത്ത് എത്തുന്നു; നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എ വിരുദ്ധപ്രചാരണം

0
185

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്കെതിരെ അണിനിരക്കാന്‍ കര്‍ഷകര്‍. കര്‍ഷകവിരുദ്ധ നിയമങ്ങള്‍ സ്വീകരിക്കുന്ന ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് നേരിട്ട് അഭ്യര്‍ത്ഥിക്കുമെന്നും ഇതിനായി സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തുമെന്നും കര്‍ഷകസംഘടനകള്‍ അറിയിച്ചു.

മാര്‍ച്ച് 12ന് പശ്ചിമ ബംഗാളില്‍ നിന്നുമാണ് കര്‍ഷകസംഘം ബി.ജെ.പി വിരുദ്ധ പര്യടനം ആരംഭിക്കുക. തുടര്‍ന്ന് കേരളം, പുതുച്ചേരി, അസം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെത്തി പ്രചാരണപരിപാടികള്‍ നടത്തും.

‘ഞങ്ങള്‍ ഒരു പാര്‍ട്ടിക്കും വേണ്ടി വോട്ട് ചോദിക്കില്ല. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാത്ത ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ സാധിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കും,’ സംയുക്ത കിസാന്‍ മോര്‍ച്ച നേതാവായ ബല്‍ബീര്‍ സിംഗ് രജേവാള്‍ പറഞ്ഞു. ‘ബി.ജെ.പിക്കെതിരെ കര്‍ഷകര്‍, ബി.ജെ.പിയെ ശിക്ഷിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി ക്കൊണ്ടായിരിക്കും പ്രചാരണപരിപാടികള്‍.

കേരളത്തില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ നേമത്ത് പ്രത്യേക പ്രചാരണം നടത്തുമെന്നാണ് കര്‍ഷകനേതാക്കള്‍ അറിയിച്ചത്. ബി.ജെ.പിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലും സമാനമായ രീതിയില്‍ ബി.ജെ.പിക്കെതിരെ പ്രചാരണ പരിപാടികളുണ്ടാകും. ബല്‍ബീര്‍ സിംഗ് മാര്‍ച്ച് 15ന് ആലപ്പുഴ കുട്ടനാട്ടിലെ കര്‍ഷകയോഗത്തിനെത്തും.

കര്‍ഷകരുടെ പുതിയ തീരുമാനം ബി.ജെ.പി നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. സംസ്ഥാനങ്ങളിലെ വെല്ലുവിളികള്‍ക്കൊപ്പം കര്‍ഷകരുടെ പ്രചാരണപരിപാടികള്‍ കൂടിയാകുമ്പോള്‍ അഞ്ച് സംസ്ഥാനങ്ങളിലും ബി.ജെ.പി വലിയ വെല്ലുവിളി നേരിടുമെന്നാണ് വിലയിരുത്തലുകള്‍.

താങ്ങുവിലയേക്കാള്‍ ആയിരം രൂപ കുറവില്‍ വരെ വിളകള്‍ വില്‍ക്കേണ്ടി വരുന്ന കര്‍ണാടകയിലും സന്ദര്‍ശനം നടത്തുമെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് പറഞ്ഞു. വനിതാദിനമായ മാര്‍ച്ച് എട്ടിന് സമരവേദികള്‍ക്കെല്ലാം നേതൃത്വം നല്‍കുന്നത് സ്ത്രീകളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here