‘ബിജെപി അനുഭാവിയല്ല, പ്രഖ്യാപനം അറിഞ്ഞത് ടി വിയിലൂടെ’; ബിജെപി മാനന്തവാടി മണ്ഡലം സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറി മണികണ്ഠന്‍

0
211

ബിജെപി മാനന്തവാടി മണ്ഡലം സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറി സി മണികണ്ഠന്‍(മണിക്കുട്ടന്‍). ബിജെപിയുടെ പ്രഖ്യാപനം താന്‍ അറിയാതെയാണെന്നും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചകാര്യം അറിഞ്ഞത് ടിവിയിലൂടെയെന്നും മണികഠ്ന്‍ പ്രതികരിച്ചു. താന്‍ ഒരു ബിജെപി അനുഭാവിയല്ല. ബിജെപി നല്‍കിയ അവസരം സന്തോഷത്തോടെ നിഷേധിക്കുന്നുവെന്നും മണികണ്ഠന്‍ അറിയിച്ചു.

ജില്ലയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പണിയ വിഭാഗത്തില്‍പ്പെട്ട ഒരാളെ നാമനിര്‍ദ്ദേശം ചെയ്തതില്‍ അഭിമാനമുണ്ട്. സ്ഥാനാര്‍ഥിയായി നില്‍ക്കാന്‍  താത്പര്യമില്ല. വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് ജോലിചെയ്ത് കുടുബമൊത്ത് ജീവിക്കാനാണ് ആഗ്രഹം അതുകൊണ്ട് തന്നെ  ബിജെപിയുടെ തീരുമാനം സന്തോഷത്തോടെ നിരസിക്കുകയാണെന്നും മണിക്കുട്ടന്‍ വ്യക്തമാക്കി.

ഇന്നലെയാണ് വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി ബിജെപി നേതൃത്വം സി മണികണ്ഠനെ പ്രഖ്യാപിച്ചത്. നിലവില്‍ കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി ടീച്ചിംങ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ് മണികണ്ഠന്‍.

115 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി ഞായറാഴ്ച്ച പ്രഖ്യാപിച്ചത്. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും. ഇ ശ്രീധരന്‍ പാലക്കാട് നിന്നും കുമ്മനം രാജശേഖരന്‍ നേമത്ത് നിന്നും മത്സരിക്കും. മാനന്തവാടിയില്‍ സികെ ജാനുവിനെ മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും നേതൃത്വം മണികണ്ഠനെ തെരഞ്ഞെടുക്കുകയായിരുന്നു. കാട്ടാക്കടയില്‍ പികെ കൃഷ്ണദാസ്, ധര്‍മടത്ത് സി കെ പത്മനാഭന്‍, തൃശൂരില്‍ സുരേഷ് ഗോപി, കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം, തിരുവനന്തപുരത്ത് സി കൃഷ്ണകുമാര്‍, ഇരിങ്ങാലക്കുടയില്‍ ജേക്കബ് തോമസ് എന്നിവരാണ് മറ്റ് ചില സ്ഥാനാര്‍ത്ഥികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here