കുമ്പള: പൈവളികെയിലെ കുടിവെള്ളവുമായി ബന്ധപ്പെട്ട ചാനൽ വാർത്ത വാസ്തവ വിരുദ്ധവുമാണെന്ന് നാട്ടുകാർ. പൈവളികെ സിറന്തടുക്ക വാർഡിൽ മഞ്ചേശ്വരം എം എൽ എ അനുവദിച്ച കുഴൽ കിണറിൽ നിന്നുള്ള ജലവിതരണത്തെ സംബന്ധിച്ചാണ് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ ഒരു പ്രമുഖ മലയാളം ചാനലിൽ വാർത്ത പ്രസിദ്ധീകരിച്ചത്.
എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച 50,000 രൂപ ഉപയോഗിച്ചാണ് സ്ഥലത്തെ ഒരു മുസ്ലിം ലീഗ് നേതാാവ് സൗജന്യമായി നൽകിയ സ്ഥലത്ത് കുഴൽ കിണർ ഉണ്ടാക്കിയത്. ഇതിൽ നിന്നും 20 വീടുകൾക്ക് കുടിവെള്ളം നൽകുന്നത് ഉദ്ഘാടനം ചെയ്യാൻ എം എൽ എ യോട് സമയം ചോദിച്ചിരുന്നു. തെരഞ്ഞെടുുപ്പ് ചട്ടം നിലവിൽ വന്നാൽ ഉദ്ഘാടനം വൈകുമെന്ന് പറഞ്ഞ് എം എൽ എ നൽകിയ തീയ്യതിക്ക് സ്ഥലത്തെ ഒരാളുടെ വീട്ടിൽ നിന്ന് വൈദ്യുതിയെടുത്ത് ടാങ്കിൽ വെള്ളം നിറകുകയായിരുന്നുവത്രെ. ഇതിനെയാണ് രാഷ്ട്രീയ താത്പര്യത്തോടെ വളച്ചൊടിച്ച് വാർത്ത നൽകിയതെന്ന് നാട്ടുകാർ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
വ്യാജ വാർത്ത നൽകിയ ചാനലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് നാട്ടുകാർ ആവശ്യപ്പെട്ടു. അതേ സമയം പ്രദേശത്ത് ആരംഭിച്ച മറ്റൊരു കുടിവെള്ള പദ്ധതിക്ക് ഇരുനൂറോളം കുടുംബങ്ങൾ 4,200 രൂപ വീതം ഗുണഭോക്തൃ വിഹിതം നൽകി എട്ടു വർഷമായി വെള്ളത്തിന് കാത്തിരിക്കുകയാണെന്നും ഇതുവരെ ഒരിറ്റുവെള്ളം പോലും ആ കൂടുംബങ്ങൾക്ക് നൽകാനായിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയും ലക്ഷക്കണക്കിന് വരുന്ന തുകയെവിടെയെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
സക്കീർ ഹുസൈൻ, ആദം കുഞ്ഞി, ബാതിഷ, ഹമീദ്, അന്തുഞ്ഞി ഹാജി എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.