കൊച്ചി∙ എൽഡിഎഫിന്റെ പിറവം സ്ഥാനാർഥി ഡോ. സിന്ധുമോൾ ജേക്കബിനെ സിപിഎം പാർട്ടിയിൽനിന്നു പുറത്താക്കി. കേരള കോൺഗ്രസ് എം സ്ഥാനാർഥിയായി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഉഴവൂർ ലോക്കൽ കമ്മിറ്റിയുടെ തീരുമാനം. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനാണു നടപടി. നേരത്തെ ഉഴവൂർ നോർത്ത് ബ്രാഞ്ചിൽ അംഗമായിരുന്ന ഇവർ മുൻ പഞ്ചായത്ത് പ്രസിഡന്റും ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്.
പേമെന്റ് സീറ്റാണ് ഇതെന്നും സാമുദായിക താൽപര്യങ്ങൾ പരിഗണിച്ചാണ് ഇവരെ സ്ഥാനാർഥിയാക്കിയത് എന്നും ആരോപണം ഉയർന്നിരുന്നു. സിപിഎം അംഗത്വമുണ്ടെങ്കിലും സിപിഎം സ്വതന്ത്രയായാണ് മൽസരിച്ചിരുന്നതും. ഈ സാഹചര്യത്തിലാണ് ഇന്നലെ ഇവരുടെ സ്ഥാനാർഥിത്വം കേരള കോൺഗ്രസ് പ്രഖ്യാപിക്കുന്നത്.
രണ്ടില ചിഹ്നത്തിൽ തന്നെ മൽസരിക്കുമെന്ന് സിന്ധു വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി നേതൃത്വവുമായി ആലോചിച്ച് പിറവം മണ്ഡലത്തിൽ തനിക്കുള്ള ബന്ധങ്ങൾ പരിഗണിച്ചാണ് കേരള കോൺഗ്രസ് സ്ഥാനാർഥിയായിരിക്കുന്നതെന്ന് ഇവർ പറയുന്നു. പേയ്മെന്‍റ സീറ്റെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിന്ധുമോള്‍ പറഞ്ഞു. സിപിഎം ബ്രാഞ്ച് കമ്മിറ്റിംഗമായിരുന്നു സിന്ധു. അതേസമയം, രണ്ടില ചിഹ്നത്തിൽ മൽസരിക്കണമെങ്കിൽ സിപിഎമ്മിൽനിന്നും പുറത്തായി കേരള കോൺഗ്രസിൽ അംഗത്വമെടുക്കണം. ഇതിനായാണ് ഈ അച്ചടക്ക നടപടിയെന്നാണു സൂചന.
എന്നാൽ പാർട്ടിയുമായി ആലോചിക്കാതെ കേരള കോൺഗ്രസ് സ്ഥാനാർഥിയാകുകയായിരുന്നു ഇവർ എന്നാണ് സിപിഎം ലോക്കൽ കമ്മിറ്റി പറയുന്നത്. സിന്ധുമോൾ ജേക്കബിനെ കമ്മിറ്റി തീരുമാനം അറിയിച്ചെന്നും ഇത് കാണിച്ച് പോസ്റ്ററുകൾ പതിക്കുമെന്നും ലോക്കൽ സെക്രട്ടറി ഷെറി മാത്യു പറഞ്ഞു. എന്നാൽ കേരള കോൺഗ്രസുമായി പ്രശ്നങ്ങൾ ഇല്ലെന്ന് പാർട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്. കടുത്തുരുത്തി മണ്ഡലത്തിൽ എൽഡിഎഫ് വിജയ സാധ്യതയെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പിറവത്ത് ജില്‍സ് പെരിയപുറം സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ഇതിനിടെയാണു ജില്‍സിനെ ഒഴിവാക്കി കടുത്തുരുത്തിയിലേക്കു പരിഗണിച്ചിരുന്ന സിന്ധുമോളെ പിറവത്ത് സ്ഥാനാര്‍ഥിയാക്കിയത്. നടപടിയില്‍ പ്രതിഷേധിച്ച് ജില്‍സ് പാര്‍ട്ടിവിട്ടു.