ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവർത്തന മണ്ഡലമായ ഗൊരഖ്പൂരിലെ ദർഗ മുബാറക് പൊളിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ സുപ്രീം കോടതി. ഉത്തർ പ്രദേശ് പബ്ലിക് പ്രിമൈസസ് ആക്ട് (1972) സംബന്ധിച്ച് വിചാരണാ കോടതിയിലുള്ള കേസുകൾ തീർപ്പാകുന്നതുവരെ ഗൊരഖ്പൂരിലെ മുബാറക് ഖാൻ ഷഹീദ് ദർഗ പൊളിക്കാൻ പാടില്ലെന്ന് ജസ്റ്റിസുമാരായ നവീൻ സിൻഹ, കൃഷ്ണ മുറാരി എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടു. മുബാറക് ഖാൻ ഷഹീദിന്റെ ശവകുടീരവും ദർഗയുടെ വലതുവശത്തെ മസ്ജിദും അധികൃതർ നാളെ പൊളിക്കാനിരിക്കെയാണ് പരമോന്നത കോടതിയുടെ സ്‌റ്റേ.
Also Read ആമസോണില്‍ ചക്കക്കുരുവിന്റെ വിലകേട്ടാല്‍ നിങ്ങള്‍ ഞെട്ടും
നൂറ്റാണ്ടുകളായി മുസ്ലിംകൾ സന്ദർശിച്ച് പ്രാർത്ഥന നിർവഹിക്കുകയും വിഖ്യാത ഹിന്ദി എഴുത്തുകാരൻ മുൻഷി പ്രേംചന്ദിന്റെ ‘ഈദ്ഗാഹ്’ എന്ന കഥയിലൂടെ പ്രസിദ്ധി നേടുകയും ചെയ്ത മുബാറക് ഖാൻ ദർഗ, 1959 മുതലാണ് വിവാദങ്ങളിൽ ഇടംപിടിക്കുന്നത്. 1959-ൽ ഗവൺമെന്റ് നർമൽ സ്‌കൂളിലെ പ്രിൻസിപ്പൽ ദർഗ നിൽക്കുന്നത് കയ്യേറ്റ ഭൂമിയിലാണെന്നാരോപിച്ച് രംഗത്തെത്തിയതിനെ ഇവിടേക്കുള്ള പ്രവേശനം തടസ്സപ്പെടുകയും മുൻസിഫ് കോടതിയിൽ നിയമനടപടി ആരംഭിക്കുകയും ചെയ്തു. കോടതി വിധിപ്രകാരം പിന്നീട് ഈദ് നമസ്‌കാരം അടക്കമുള്ളവ നിർവഹിക്കാൻ മുസ്ലിം സമുദായാംഗങ്ങൾക്ക് കഴിഞ്ഞിരുന്നു.
ജാതിമത ഭേദമന്യേ ആയിരക്കണക്കിനാളുകൾ സന്ദർശിക്കുന്ന ദർഗക്കെതിരായ പുതിയ നീക്കങ്ങൾ ശക്തമായത് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു ശേഷമാണ്. 2019 ജൂണിൽ, യു.പി പബ്ലിക് പ്രിമൈസസ് ആക്ടിലെ (1972) നാലാം വകുപ്പ് പ്രകാരം ദർഗക്കും പള്ളിക്കുമെതിരെ നടപടിയെടുക്കാൻ സബ് ഡിവിഷനൽ ഓഫീസർ ഉത്തരവിട്ടു. ഇതേത്തുടർന്ന് റവന്യൂ വിഭാഗം ദർഗയടക്കം 18 കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് കാണിച്ച് റിപ്പോർട്ട് നൽകി. ഇതിനെതിരെ ദർഗ കമ്മിറ്റി കോടതിയെ സമീപിച്ചു.
എന്നാൽ, കമ്മിറ്റിക്ക് ദർഗയ്ക്കു മേൽ അവകാശമില്ലെന്നു കാണിച്ച് ഗൊരഖ്പൂർ വികസന അതോറിറ്റി ഹരജിക്കാരന് നോട്ടീസ് പോലും നൽകാതെ പൊളിച്ചുമാറ്റൽ നടപടിയുമായി മുന്നോട്ടു പോയി. ദർഗ അനധികൃതമല്ലെന്ന് വിചാരണാ കോടതിയിലെ ഉത്തരവിലുണ്ടെന്ന് അധികൃതരെ കമ്മിറ്റി അറിയിച്ചെങ്കിലും അവർ ചെവിക്കൊണ്ടില്ല. ദർഗയുടെ ഒരു ഭാഗം പൊളിച്ചതിനു ശേഷം, ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ ഹാജരാക്കാൻ അധികൃതർ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
ദർഗ കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല സ്റ്റേയ്ക്കു ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ കേസ് കോടതി തള്ളി. ഇതേത്തുടർന്നാണ് ദർഗ അധികൃതർ സുപ്രീം കോടതിയെ സമീപിച്ചത്. പൊളിക്കൽ നടപടി തുടങ്ങുന്നതിനു മുമ്പ് അധികൃതർ ഹരജിക്കാർക്ക് നോട്ടീസ് നൽകിയില്ലെന്നും, ഇതുസംബന്ധിച്ച കേസുകൾ ഗൊരഖ്പൂർ സിറ്റി മജിസ്‌ട്രേറ്റ് കോടതിയിൽ നിലനിൽക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹരജിക്കാർക്കു വേണ്ടി മുതിർന്ന അഭിഭാഷക വിഭ ദത്ത മുഖിത, അഡ്വ. ഷാരിഖ് അഹ്‌മദ്, സുനിൽ കുമാർ വർമ എന്നിവർ ഹാജരായി.
ഗൊരഖ്‌നാഥ് മഠത്തിലെ പൂജാരിയും ഗൊരഖ്പൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എം.പിയുമായിരുന്ന യോഗി ആദിത്യനാഥ് അടക്കമുള്ള ഹിന്ദുത്വ നേതാക്കൾ മുബാറക് ഖാൻ ഷഹീദ് ദർഗക്കെതിരെ പലപ്പോഴായി രംഗത്തു വന്നിരുന്നു. യോഗി അധികാരത്തിൽ വന്നതിനു ശേഷമാണ് ദർഗയ്ക്കും സമീപത്തെ പള്ളി, ഈദ്ഗാഹ് എന്നിവയ്ക്കുമെതിരെ നീക്കങ്ങൾ അതിവേഗത്തിലായത്.