തോല്‍ക്കാന്‍ വേണ്ടി മാത്രം മത്സരിക്കുന്നു; 216 തവണ തോറ്റ് തുന്നം പാടിയതിന് ലിംക ബുക്കില്‍ ഇടം പിടിച്ചയാള്‍; പത്മരാജന്റെ ഇത്തവണത്തെ അങ്കം മുഖ്യമന്ത്രിക്ക് എതിരെ ധര്‍മടത്ത്

0
202

കൊച്ചി: സാധാരണ രീതിയില്‍ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിജയിക്കാനാണ്. എന്നാല്‍ തമിഴ്‌നാട് സേലം സ്വദേശി പത്മരാജന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തോല്‍ക്കാനായാണ്. 61 വയസ്സിനിടെ 216 തെരഞ്ഞെടുപ്പ് തോല്‍വികളാണ് പത്മരാജന്‍ ഏറ്റുവാങ്ങിയിട്ടുള്ളത്. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും തോല്‍വി ഏറ്റുവാങ്ങി ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച ആളാണ് പത്മരാജന്‍.

പത്മരാജന്റെ 217-ാം മത്സരം ധര്‍മടത്ത് പിണറായി വിജയനെതിരെയാണ്. അതും തോല്‍ക്കാനായി തന്നെ. പത്മരാജന്‍ മത്സരിച്ചിട്ടുള്ളത് കൂടുതലും പ്രമുഖര്‍ക്ക് എതിരെയായിരുന്നു. നരേന്ദ്ര മോഡി, മന്‍മോഹന്‍ സിങ്, എ.ബി വാജ്‌പേയി, പി.വി നരസിംഹറാവു, ജെ ജയലളിത, എം കരുണാനിധി, വൈ.എസ് രാജശേഖര റെഡ്ഡി, കെ.കരുണാകരന്‍, എ.കെ ആന്റണി, എസ്.എം കൃഷ്ണ, രാഹുല്‍ ഗാന്ധി തുടങ്ങിയവരായിരുന്നു തെരഞ്ഞെടുപ്പ് ഗോദയിലെ എതിരാളികള്‍.

61 വയസ്സുള്ള പത്മരാജന്റെ കന്നിയങ്കം 1988ല്‍ തമിഴ്‌നാട്ടിലെ മേട്ടൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു. അവിടുന്ന് തുടങ്ങിയ തോല്‍വികളുടെ എണ്ണം ഇപ്പോള്‍ 216 ആയി എത്തി നില്‍ക്കുകയാണ്. മത്സരിച്ച ഒരു തെരഞ്ഞെടുപ്പിലും കെട്ടിവെച്ച കാശ് തിരികെ കിട്ടിയിട്ടില്ല. ഇലക്ഷന്‍ കിങ് ഫെയിലിയര്‍ എന്ന പേരില്‍ ഒരു പാര്‍ട്ടി രൂപീകരിക്കുകയാണ് പത്മരാജന്റെ അടുത്ത ലക്ഷ്യം. പയ്യന്നൂര്‍ കുഞ്ഞിമംഗലത്ത് കുടുംബ വേരുകളുളള പത്മരാജന്‍ തമിഴ്‌നാട്ടിലെ നാല് മണ്ഡലങ്ങളില്‍ നിന്ന് കൂടി ഇത്തവണ ജനവിധി തേടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here