കോഴിക്കോട്: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ സാക്ഷി പറഞ്ഞ യൂത്ത് ലീഗ് നേതാവിൻ്റെ കെട്ടിടം പണി തടയാൻ സിപിഎം പ്രവർത്തകർ എത്തിയതോടെ ഓർക്കാട്ടേരിയിൽ സംഘർഷം. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി.പി.ജാഫറാണ് മുൻസിഫ് കോടതി ഉത്തരവുമായി കെട്ടിടം പണി തുടങ്ങാനെത്തിയത്. ഇതു ചോദ്യം ചെയ്ത് ആദ്യം സിപിഎം പ്രവര്‍ത്തകരും പിന്നാലെ ലീഗ് പ്രവർത്തകരും സ്ഥലത്തെത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു.
അതേസമയം ജാഫറിന് കെട്ടിടം പണിയാൻ അനുമതി നൽകിയിട്ടില്ലെന്ന് ഏറാമല പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കെട്ടിട്ടത്തിൻ്റെ ഒരു നില പണിയാനാണ് അനുമതി നൽകിയത്. എന്നാൽ ജാഫർ കോടതിയെ തെറ്റിദ്ധരിപ്പിച്ച് രണ്ടാമത്തെ നില പണിയാൻ ശ്രമിക്കുകയാണെന്നും പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി.