തിരുവനന്തപുരം: പ്രധാന മുന്നണികള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതോടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം നേരത്തെ പൂര്‍ത്തിയാക്കി പ്രചരണത്തിന്റെ ആദ്യ ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് യുഡിഎഫും ബിജെപിയും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുന്നത്. ബിജെപി മൂന്നും കോണ്‍ഗ്രസ് ആറും മണ്ഡലങ്ങളില്‍ ഇനിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക
ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് കെ.മുരളീധരന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെ മണ്ഡലത്തില്‍ പോരാട്ടം കനക്കും. സിറ്റിങ് എംഎല്‍എ ഒ.രാജഗോപാലിന് പകരം കുമ്മനം രാജശേഖരനാണ് ബിജെപിക്കായി ഇവിടെ മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട വി.ശിവന്‍കുട്ടി തന്നെയാണ് സിപിഎമ്മിനായി പോരിനിറങ്ങുന്നത്.
ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും ഇത്തവണ ത്രികോണ പോരാട്ടമാകും. 2016-ല്‍ 89 വോട്ടുകള്‍ക്ക് മാത്രം മഞ്ചേശ്വരത്ത് പരാജയപ്പെട്ട സുരേന്ദ്രന് ഇത്തവണ മണ്ഡലം പിടിച്ചെടുക്കാന്‍ ആവുമെന്ന ശുഭപ്രതീക്ഷയാണുള്ളത്. എന്നാല്‍ 2016-ല്‍ സുരേന്ദ്രനെ പരാജയപ്പെടുത്തിയ പി.ബി.അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് 2019-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം 7923 ആക്കാന്‍ സാധിച്ചിരുന്നു. പണത്തട്ടിപ്പ് കേസില്‍ അകപ്പെട്ട സിറ്റിങ് എംഎല്‍എ എം.സി.ഖമറുദ്ദീനെ മാറ്റി എ.കെ.എം.അഷ്റഫിനാണ് മുസ്ലിം ലീഗ് സീറ്റ് നല്‍കിയിട്ടുള്ളത്. സിപിഎം സ്ഥാനാര്‍ഥിയായി വി.വി.രമേശനാണ് രംഗത്തുള്ളത്.
കെ.സുരേന്ദ്രന്‍ മത്സരിക്കുന്ന കോന്നിയും മറ്റൊരു ത്രികോണ മത്സരത്തിനുള്ള വേദിയാണ്. ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയാണ് സുരേന്ദ്രനുള്ളത്. 2019-ലെ ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും മണ്ഡലത്തിലെ ബിജെപിയുടെ വോട്ട് നില ഗണ്യമായി ഉയര്‍ത്താന്‍ അദ്ദേഹത്തിനായിരുന്നു. സിറ്റിങ് എംഎല്‍എ കെ.യു.ജനീഷ് കുമാര്‍ തന്നെയാണ് എല്‍ഡിഎഫ് വീണ്ടും മത്സരത്തിനിറക്കുന്നത്. റോബിന്‍ പീറ്ററാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഇതിനിടെ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനായി മത്സരിച്ച പി.മോഹന്‍രാജ് തന്നെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ രാജിവെച്ചിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം ഇവിടെ കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.
ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്ത കഴക്കൂട്ടവും സുരേഷ് ഗോപിയുടെ വരവോടെ തൃശൂരും ഇ.ശ്രീധരന്‍ സാന്നിധ്യത്തോടെ പാലക്കാടും ത്രികോണ മത്സരങ്ങള്‍ നടക്കുമെന്നുറപ്പായി. പദ്മജ വേണുഗോപാലാണ് സുരേഷ് ഗോപിക്കെതിരേയുളള യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഐയുടെ സിറ്റിങ് സീറ്റാണിത്. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വി.എസ്.സുനില്‍ കുമാറിനെ മാറ്റി നിര്‍ത്തിയ സിപിഐ ഇത്തവണ പി.ബാലചന്ദ്രനെയാണ് മണ്ഡലം നിലനിര്‍ത്താനായി ഇറക്കുന്നത്.