അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില വർധിച്ചതോടെ രാജ്യത്ത് ആശങ്ക. ശനിയാഴ്ച 69.3 ഡോളറാണ് ബ്രന്റ് ക്രൂഡ് ഓയിലിന്റെ വില. ഒരുമാസത്തിനിടെ പത്തു ഡോളറിന്റെ വർധനയാണ് അസംസ്‌കൃത എണ്ണയിലുണ്ടായത്.
ആറു മാസം മുമ്പ് ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ വില 42 ഡോളറായിരുന്നു. അതു കഴിഞ്ഞുള്ള മൂന്നു മാസത്തിനിടെ ഏഴു ഡോളറിന്റെ വർധന മാത്രമാണ് ഉണ്ടായത്. എന്നാൽ പിന്നീട് വില തുടർച്ചയായി മുന്നോട്ടു കയറി. ഒരു മാസം മുമ്പ് അറുപത് ഡോളറായിരുന്നു ക്രൂഡ് ഓയിൽ വില. ഇതാണ് ഇപ്പോൾ എഴുപതിലെത്തി നിൽക്കുന്നത്.
Brent crude oil price.
Six months ago: $42
Three months ago: $49
One month ago: $60
Now: $69.3
— The Spectator Index (@spectatorindex) March 6, 2021
ഉത്പാദക രാജ്യങ്ങൾക്ക് നേട്ടം
പതിനാലു മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എണ്ണവില ഉയർന്നത് ഒപെക് അടക്കമുള്ള ഉൽപാദക രാജ്യങ്ങൾക്ക് വലിയ മുതൽക്കൂട്ടാകും. വരുംദിവസങ്ങളിൽ വില വീണ്ടും ഉയരാനാണ് സാധ്യത. ഏറ്റവും കൂടുതൽ എണ്ണ ഉൽപാദനം നടത്തുന്ന സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വൻ നേട്ടമാണ് ഇതിലൂടെ ലഭിക്കുക. കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള സാമ്പത്തിക തകർച്ചക്കിടയിൽ അപ്രതീക്ഷിത വരുമാനവർധന കൂടിയാണിത്.
ഉൽപാദനം ഉയർത്തുന്നതു സംബന്ധിച്ച തീരുമാനം ഏപ്രിൽ മാസം വരെ നീട്ടാനുള്ള ഒപെക് രാജ്യങ്ങളുടെ തീരുമാനമാണ് വിപണിയിൽ വീണ്ടും വില ഉയരാൻ കാരണമായത്. പ്രതിദിന എണ്ണ ഉൽപാദനത്തിൽ ഒന്നര ദശലക്ഷം ബാരൽ കുറവ് വരുത്താൻ കഴിഞ്ഞ വർഷമാണ് ഒപെക് തീരുമാനിച്ചത്. നടപ്പുമാസം തീരുമാനം പുനഃപരിശോധിക്കുമെന്നും ഉൽപാദനം ഉയർത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ അടുത്തമാസം വരെ തൽസ്ഥിതി തുടരാനാണ് കഴിഞ്ഞ ദിവസം ചേർന്ന ഒപെക് മന്ത്രിതല യോഗം തീരുമാനിച്ചത്. ഉൽപാദനം വർധിപ്പിക്കണമെന്ന ആവശ്യം ഇന്ത്യ ഉൾപ്പെടെ നിരവധി ഇറക്കുമതി രാജ്യങ്ങൾ മുന്നോട്ടു വെച്ചെങ്കിലും ഒപെക് അംഗീകരിച്ചില്ല.
ഇന്ത്യയിൽ ആധി
തുടർച്ചയായ ഇന്ധന വിലവർധനയിൽ വലയുന്ന ഇന്ത്യയെ സംബന്ധിച്ച് ശുഭകരമായ വാർത്തയല്ല ഇത്. ആഗോള വിപണിയുടെ ചുവടുപിടിച്ച് തുടർച്ചയായ ദിനങ്ങളിൽ എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിരുന്നു. നിലവിൽ രാജ്യത്തെ പലയിടത്തും പെട്രോൾ വില നൂറു കടന്നിട്ടുണ്ട്. കേരളത്തിൽ പെട്രോളിന് 92 ഉം ഡീസലിന് 86 ഉം രൂപയാണ് വില.
ഒപെക് രാജ്യങ്ങൾ ഉത്പാദനം വെട്ടിക്കുറച്ചത് ഇന്ത്യയെ ബാധിക്കുമെന്ന് പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കിയിരുന്നു. ഉപഭോക്തൃരാജ്യങ്ങളുടെ സാമ്പത്തിക വീണ്ടെടുപ്പിനെ ഇത് ദുർബലപ്പെടുത്തുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
നിലവിൽ രാജ്യത്തിന് ആവശ്യമായ 84 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഒപെക് രാജ്യങ്ങളിൽ നിന്നാണ് പ്രധാന ഇറക്കുമതി.
നിലവിലുള്ള ഭാരിച്ച ഇന്ധനനികുതി കുറയ്ക്കാതെ വില കൂട്ടിയാല്‍ വന്‍ ബാധ്യതയാണ് ഉപഭോക്താക്കള്‍ക്ക് മേലുണ്ടാകുക. 2020 മാര്‍ച്ച്-മെയ് മാസത്തിനിടയില്‍ മാത്രം പെട്രോളിനും ഡീസലിനും യഥാക്രമം 13,16 രൂപയാണ് എക്‌സൈസ് നികുതിയിനത്തില്‍ വര്‍ധിപ്പിച്ചിരുന്നത്.