ബംഗളൂരു: കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളുണ്ടെങ്കില്‍ മാത്രമേ അതിര്‍ത്തിയിലൂടെ കടത്തിവിടൂവെന്ന യെദിയൂരപ്പസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കര്‍ണാടക ഹൈക്കോടതി. നിയന്ത്രണങ്ങളില്‍ ഹൈക്കോടതി കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു.
വിമാനങ്ങളില്‍ വരുന്ന ആളുകള്‍ക്ക് ഇല്ലാത്ത നിയന്ത്രണങ്ങള്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏര്‍പ്പെടുത്തുന്നതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്ന് ഹൈക്കോടതി ചോദിച്ചു. തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത് അഭിഭാഷകന്‍ ബി. സുബ്ബയ്യ റായ് നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിശോധിച്ചപ്പോഴാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
കേരളത്തില്‍ നിന്നുള്ള യാത്രാനിയന്ത്രണം സംബന്ധിച്ച് ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ പുറപ്പെടുവിച്ച പുതുക്കിയ ഉത്തരവില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഉത്തരവ് ചട്ടങ്ങള്‍ക്ക് അനുസൃതമല്ലെന്നും വിവേചനാധികാരം പാലിക്കാതെ പുറപ്പെടുവിച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി.