നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിൽ കള്ളവോട്ട് തടയാൻ കർശന നടപടികളുമായി ജില്ലാ ഭരണകൂടം. കള്ളവോട്ട് നടക്കാൻ സാധ്യതയുള്ള ബൂത്തുകളുടെ പട്ടിക തയ്യാറാക്കും. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജില്ലയിൽ കേന്ദ്ര സേനയും, പൊലീസും റൂട്ട് മാർച്ച് നടത്തി.
വോട്ടെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ വ്യാപക കള്ളവോട്ട് നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് കർശന നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്ത് വന്നത്. വോട്ടർമാരെ മദ്യവും പണവും നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നത് തടയാൻ പ്രത്യേകം സ്‌ക്വാഡിനെ നിയോഗിക്കും. കള്ളവോട്ടു ചെയ്യാനിടയുള്ള ബൂത്തുകൾ സംബന്ധിച്ച പട്ടിക തയ്യാറാക്കും. ഇതിനായി രാഷ്ട്രീയ കക്ഷിപ്രതിനിധികൾക്ക് കളക്ടർ നിർദ്ദേശം നൽകി.
ജില്ലയിൽ 44 പ്രശ്ന ബാധിത ബൂത്തുകളും 49 അതീവ പ്രശ്ന ബൂത്തുകളുമാണ് ഉള്ളത്. കർണാടകയോട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ പരിശോധന കർശനമാക്കുമെന്നും കളക്ടർ പറഞ്ഞു. പ്രശ്ന ബാധിത മേഖലകളിലെ 795 ബൂത്തുകളിൽ വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തും. ജില്ലയിൽ രണ്ട് കമ്പനി കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ജില്ലയിലെത്തിയ കേന്ദ്ര സേനാംഗങ്ങളും പോലീസും കെഎപിയും ചേർന്ന് നഗരത്തിൽ റൂട്ട് മാർച്ച് നടത്തി.