കാസര്‍കോട് ജില്ലയില്‍ 100 ശതമാനം ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും

0
547

കാസര്‍കോട്:നിയമസഭാ തെരഞ്ഞെടുപ്പിന് കാസര്‍കോട് ജില്ലയിലെ 100 ശതമാനം ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. വെബ്കാസ്റ്റിംഗിന് സാങ്കേതിക തടസ്സമുള്ള ബൂത്തുകളില്‍ സി.സി.ടി.വി ക്യാമറകള്‍ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്യും. ജില്ലയില്‍ 524 പ്രദേശങ്ങളിലായി 1591 പോളിംഗ് ബൂത്തുകളാണ് ഇത്തവണയുള്ളത്. ജില്ലയില്‍ മൂന്ന് പൊതുനിരീക്ഷകര്‍, രണ്ട് തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകര്‍, ഒരു പോലീസ് നിരീക്ഷകര്‍ എന്നിവരെയാണ് കമ്മീഷന്‍ നിയോഗിച്ചിട്ടുള്ളതെന്നും കളക്ടര്‍ അറിയിച്ചു.

ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ വട്ട റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 12ന് വൈകീട്ട് നാലിന് സിവില്‍ സ്‌റ്റേഷനിലെ ഇ.വി.എം-വിവിപാറ്റ് ഗോഡൗണില്‍ നടക്കും. ഇവിടെ വെച്ച് ഇ.വി.എം വാഹനങ്ങളില്‍ കയറ്റി സ്‌ട്രോംഗ് റൂമുകളില്‍ എത്തിക്കും. പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 22ന് നടക്കും.

ആബസെന്റീസ് വോട്ടര്‍മാര്‍ക്കുള്ള 12 ഡി ഫോം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴി കൈമാറും. കൈപ്പറ്റി അഞ്ച് ദിവസത്തിനകം ഫോം തിരിച്ചേല്‍പ്പിക്കണം. മാര്‍ച്ച് 23ന് കാന്‍ഡിഡേറ്റ് സെറ്റിംഗ് കഴിഞ്ഞാല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഈ വോട്ടര്‍മാര്‍ക്ക് എത്തിക്കും. പോസ്റ്റല്‍ വോട്ട് ചെയ്യിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദൂരെ നിന്ന് വീക്ഷിക്കാന്‍ അവസരം നല്‍കും. 80 വയസ്സ് കഴിഞ്ഞവര്‍, ഭിന്ന ശേഷിക്കാര്‍, കോവിഡ് രോഗികള്‍ എന്നിവര്‍ക്ക് പുറമെ അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ടവര്‍ക്കും പോസ്റ്റല്‍ ബാലറ്റുകള്‍ അനുവദിക്കുന്നതാണ്.

ജില്ലയില്‍ അനുമതി നല്‍കിയ 44 മൈതാനങ്ങളിലല്ലാതെ പൊതുയോഗങ്ങള്‍ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇ-സുവിധ ആപ്പ് വഴി അപേക്ഷിച്ചാല്‍ വരണാധികാരികള്‍ മൈതാനങ്ങള്‍ക്ക് അനുമതി നല്‍കും. ഇവിടങ്ങളില്‍ അല്ലാതെ മൈക്ക് ഉപയോഗിക്കുന്നതിന് അനുമതിയില്ല.

പൊതുഇടങ്ങളില്‍ ഒരു കാരണവശാലും പോസ്റ്ററോ ചുവരെഴുത്തോ മറ്റ് പ്രചാരണ സാമഗ്രികളോ അനുവദിക്കില്ല. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പോസ്റ്ററോ ബാനറോ വെക്കാനാ ചുവരെഴുത്തിനോ അനുമതി നിര്‍ബന്ധമാണ്. അനുമതിയില്ലാത്തവ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്യും. വോട്ടര്‍മാരെ ജില്ലയിലെത്തിക്കാന്‍ ചാര്‍ട്ടേഡ് ബസുകള്‍ ഏര്‍പ്പെടുത്തിയാല്‍ പരിശോധിച്ച് പിടികൂടുമെന്നും കളക്ടര്‍ അറിയിച്ചു.

മൈക്ക് അനുമതിയുടെ കോപ്പി പ്രചാരണ വാഹനത്തില്‍ സൂക്ഷിക്കണമെന്ന് ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ് അറിയിച്ചു. പ്രചാരണത്തിനുള്ള വാഹന വ്യൂഹത്തില്‍ അഞ്ച് വാഹനങ്ങള്‍ മാത്രമേ പാടുള്ളൂ.

യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സൈമണ്‍ ഫെര്‍ണാണ്ടസ്, എ.ഡി.എം അതുല്‍ എസ്. നാഥ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. കുഞ്ഞമ്പു നമ്പ്യാര്‍ (ഐ.എന്‍.സി), നാഷനല്‍ അബ്ദുല്ല (കേരള കോണ്‍ഗ്രസ്), ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ (സി.പി.ഐ), എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ (സി.പി.ഐ.എം), മനുലാല്‍ മേലത്ത് (ബി.ജെ.പി), വി.പി. അബ്ദുല്‍ ഖാദര്‍ (ഐ.യു.എം.എല്‍), ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍മാര്‍ എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here