കാസര്‍കോട്ടേക്കില്ല, അഴീക്കോട് തന്നെ മത്സരിക്കാനാണ് ആഗ്രഹം: കെ.എം ഷാജി

0
342

കണ്ണൂര്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് തന്നെ മത്സരിക്കാനാണ് ആഗ്രഹമെന്ന് കെ.എം ഷാജി. താന്‍ കാസര്‍കോട് മത്സരിക്കുമെന്നത് അഭ്യൂഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് ആവശ്യപ്പെട്ട് ആര്‍ക്കും കത്തയച്ചിട്ടില്ലെന്നും ഷാജി വ്യക്തമാക്കി. നേരത്തെ അഴീക്കോടിന് പകരം കാസര്‍കോട് മണ്ഡലം നല്‍കണമെന്ന് ഷാജി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്ന ഷാജിക്കെതിരെ ഇ.ഡിയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ കേസെടുത്തിരുന്നു. കഴിഞ്ഞ രണ്ട് തവണയായി അഴീക്കോട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഷാജി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച എം.വി നികേഷ് കുമാറിനെ പരാജയപ്പെടുത്തിയാണ് മണ്ഡലം നിലനിര്‍ത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിന് ഇത്തവണ യു.ഡി.എഫ് 27 സീറ്റുകള്‍ നല്‍കാന്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍. ബേപ്പൂര്‍, കൂത്തുപറമ്പ്, ചേലക്കര എന്നീ മൂന്ന് സീറ്റുകള്‍ അധികം നല്‍കും.

പുനലൂര്‍, ചടയമംഗലം സീറ്റുകള്‍ തമ്മില്‍ വെച്ചുമാറാനുമുള്ള ധാരണയുമുണ്ട്. ബാലുശ്ശേരി മണ്ഡലത്തിന് പകരം കുന്ദമംഗലം മണ്ഡലം നല്‍കാനും തീരുമാനമായിട്ടുണ്ട്. എന്നാല്‍ ചടയമംഗലം ലീഗിന് നല്‍കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുകള്‍ വന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here