മലപ്പുറം: കേരളത്തില്‍ നടക്കുന്ന വിവിധ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക വ്യത്യസ്തങ്ങളായ സമ്മാനങ്ങള്‍ നല്‍കാറുണ്ട്. ക്യാഷ് അവാര്‍ഡ് ആവാം. ചിലപ്പോള്‍ ഫലകമോ ട്രോഫിയോ ആവാം. എന്നാല്‍ മലപ്പുറത്ത് നടന്ന് ഒരു സാധാരണ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള സമ്മാനമായി നല്‍കിയത് മൂന്ന് ലിറ്റര്‍ പെട്രോളാണ്.
മലപ്പുറം കോട്ടപ്പടിക്കടുത്ത് മങ്ങാട്ടുപുലം എന്ന പ്രദേശത്താണ് രസകരമായ സംഭവം. മങ്ങാട്ടുപുലം ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് നടത്തിയ വണ്‍ഡെ ഫ്ളഡ്ലൈറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റിലാണ് സമ്മാനമായി പെട്രോള്‍ നല്‍കിയത്. പാസ്‌ക് പിലാക്കല്‍ ടീമംഗം അനസാണ് ടൂര്‍ണമെന്റിലെ മികച്ചതാരം. അദ്ദേഹത്തിന് മൂന്ന് ലിറ്റര്‍ പെട്രോള്‍ സമ്മാനമായി നല്‍കുകയുംച ചെയ്തു. വീഡിയോ കാണാം…
പെട്രോള്‍ വില വര്‍ധനക്കെതിരായ ക്രിയാത്മക പ്രതിഷേധം എന്ന നിലയിലാണ് പെട്രോള്‍ സമ്മാനമായി നല്‍കിയതെന്ന് ക്ലബ് പ്രസിഡന്റ് എം സമീര്‍ പറഞ്ഞു. 24 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ പാസ്‌ക് പിലാക്കല്‍, ‘രാജകുടുംബം കോഴിക്കോടി’നെ തോല്‍പ്പിച്ച് ജേതാക്കളായി. ടൂര്‍ണമെന്റില്‍ ഉദ്ഘാടന ചടങ്ങില്‍ അതിഥികളായെത്തിയവര്‍ക്കും പെട്രോള്‍ സ്‌നേഹ സമ്മാനമായി നല്‍കി. അര ലിറ്റര്‍ പെട്രോള്‍ വീതമാണ് അതിഥികള്‍ക്ക് നല്‍കിയത്.