ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ ദിവസേനയുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കും; കേന്ദ്രസര്‍ക്കാരിന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്

0
209

ന്യൂദല്‍ഹി: കൊവിഡ് 19 ന്റെ രണ്ടാം തരംഗത്തിന് ഇന്ത്യയില്‍ സാധ്യതയേറുകയാണെന്ന് വിദഗ്ധര്‍. ജനങ്ങള്‍ കൊവിഡ് ജാഗ്രതയില്‍ വലിയ വീഴ്ച കാണിക്കുന്നുവെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും നീതി ആയോഗ് ചെയര്‍മാന്‍ ഡോ. വി.കെ പോള്‍ പറഞ്ഞു.

‘കല്യാണം പോലെ വലിയ ആള്‍ക്കൂട്ടങ്ങളുള്ള പരിപാടികളാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിന് കാരണം. ആള്‍ക്കൂട്ടങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം’, വി.കെ പോള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

അതേസമയം അടുത്ത 6-8 ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്ത് പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് കൊവിഡ് 19 ടാസ്‌ക് ഫോഴ്‌സ് തലവന്‍ ഡോ. എന്‍.കെ അറോറ പറഞ്ഞു. രണ്ടാം തരംഗത്തിന്റെ തൊട്ടടുത്താണ് രാജ്യമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയിലും പഞ്ചാബിലും രാജസ്ഥാനിലും ഒരിടവേളയ്ക്ക് ശേഷം രോഗവ്യാപനം കൂടിയിട്ടുണ്ട്.

വെള്ളിയാഴ്ച 39726 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 110 ദിവസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

കേന്ദ്രസര്‍ക്കാരിന്റെ കണക്ക് പ്രകാരം 1,15,14,331 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം ബാധിച്ചിരിക്കുന്നത്. 1,59,370 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

LEAVE A REPLY

Please enter your comment!
Please enter your name here